കെട്ടിടങ്ങളിൽ അഗ്നിപ്രതിരോധ ആവരണം ഉപയോഗിക്കണമെന്ന് നിർദേശം
text_fieldsഅഗ്നിബാധയെത്തുടർന്ന് കത്തിക്കരിഞ്ഞ കെട്ടിടത്തിന്റെ ആവരണം (ഫയൽ ചിത്രം)
ദുബൈ: അപകടകരമായ ആവരണങ്ങൾ കെട്ടിട നിർമാണത്തിൽ ഉപയോഗിക്കുന്നത് ഒഴിവാക്കാനുള്ള നിർദേശം പലരും അവഗണിക്കുന്നുവെന്ന് ദുബൈ സിവിൽ ഡിഫൻസ് അധികൃതർ. കെട്ടിടങ്ങളുടെ പുറംപാളികളിൽ ഉപയോഗിക്കുന്ന വസ്തുക്കൾ അഗ്നിപ്രതിരോധമുള്ളതാകണമെന്ന നിർദേശം ബഹുനില കെട്ടിട ഉടമകളെ ബോധ്യപ്പെടുത്തുന്നതിൽ വെല്ലുവിളി നേരിടുന്നുണ്ടെന്ന് ദുബൈ സിവിൽ ഡിഫൻസ് മേധാവികളാണ് വെളിപ്പെടുത്തിയത്.
2017 ജനുവരിയിൽ അവതരിപ്പിച്ച രാജ്യത്തെ ഫയർ ആൻഡ് ലൈഫ് സേഫ്റ്റി കോഡ് ഓഫ് പ്രാക്ടീസ് പ്രകാരം അലുമിനിയം കോമ്പോസിറ്റ് പാനൽ ആവരണങ്ങൾ നിരോധിച്ചിട്ടുണ്ട്. പുതിയ കെട്ടിടങ്ങളിൽ തീ പടരുന്നത് തടയാൻ കഴിയുന്നതും കഠിനമായ ചൂടിൽ അപകടമില്ലാത്തതുമായ നൂതന നോൺ-കംബസ്റ്റിബിൾ ക്ലാഡിങ് ഘടിപ്പിച്ചിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ, നിയമം വരുന്നതിനു മുമ്പ് നിർമിച്ച കെട്ടിടങ്ങൾക്ക് ഉത്തരവ് ബാധകമായിരുന്നില്ല. ഇതാണ് വെല്ലുവിളിയുയർത്തുന്ന ഒരു ഘടകമെന്ന് സിവിൽ ഡിഫൻസ് ഡ്രോയിങ് ആൻഡ് പ്രോജക്ട് മേധാവി സൽമ ഹുമൈദ് സയീദ് പറഞ്ഞു.
നിയമപരമായി പഴയ കെട്ടിടങ്ങളിൽ അലുമിനിയം കോമ്പോസിറ്റ് പാനൽ ആവരണങ്ങൾ സ്വീകാര്യമാണ്. എന്നാൽ, കെട്ടിടത്തിൽ എന്തെങ്കിലും അപകടമുണ്ടായാലോ അല്ലെങ്കിൽ കെട്ടിട ഉടമ പുതിയ നിയമം പാലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലോ ഫയർ ആൻഡ് സേഫ്റ്റി കമ്പനികൾ അവരെ ശരിയായ തരത്തിലുള്ള സംവിധാനം ഉപയോഗിച്ച് നവീകരിക്കാൻ സഹായിക്കേണ്ടതുണ്ട് -അവർ കൂട്ടിച്ചേർത്തു. സമീപകാലത്ത് ദുബൈയിൽ തീപിടിത്തത്തിന് കാരണമായ വിവിധ കെട്ടിടങ്ങളുടെ പുറം ആവരണങ്ങൾ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ചില കെട്ടിടങ്ങളിൽ പഴയ സംവിധാനം തുടരുകയും ചെയ്യുന്നു. അഗ്നിബാധയുണ്ടാകുമ്പോൾ ഇത് തീപടരാൻ കാരണമാകുന്നുണ്ട്. വലിയ ചെലവ് വരുമെന്നതാണ് പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന് പലർക്കും തടസ്സമാകുന്നത്.