Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ സത്​വയിൽ എട്ടുനില വരെയുള്ള കെട്ടിടങ്ങൾക്ക് അനുമതി

text_fields
bookmark_border
അൽ സത്​വയിൽ എട്ടുനില വരെയുള്ള കെട്ടിടങ്ങൾക്ക് അനുമതി
cancel

ദുബൈ: ദുബൈയിലെ പ്രമുഖ ജനവാസ കേന്ദ്രങ്ങളിലൊന്നായ അൽ സത്​വയുടെ വികസനത്തിന് വഴിയൊരുക്കുന്ന പ്രഖ്യാപനവുമായി ദുബൈ മുൻസിപ്പാലിറ്റി. അൽ സത്​വയിൽ എട്ടുനില വരെയുള്ള കെട്ടിടങ്ങൾക്ക് അനുമതി നൽകുന്നതാണ് പുതിയ ചട്ടങ്ങൾ. കെട്ടിടങ്ങളുടെ ഉയരം കൂട്ടുന്നതിനൊപ്പം, കൂടുതൽ റെസിഡൻഷ്യൽ-വാണിജ്യ സൗകര്യങ്ങൾ കൊണ്ടുവരാനും ഭൂമി കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും വഴിയൊരുക്കും. പ്രദേശത്തിന്‍റെ ഭൗതിക സാഹചര്യങ്ങൾ കണക്കിലെടുത്ത് നിക്ഷേപ സാധ്യതകൾ വർധിപ്പിക്കാനും ഭാവി വികസനത്തിന്​ ആക്കം കൂട്ടാനുമാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

പുതുക്കിയ ചട്ടങ്ങൾ അനുസരിച്ച്, പ്രദേശത്തെ ഇന്‍റേണൽ റോഡുകൾക്ക് സമീപമുള്ള പ്ലോട്ടുകളിൽ ഇനി മുതൽ ഗ്രൗണ്ട്​ ​േഫ്ലാറിന്​ പുറമെ രണ്ട് നിലകളുള്ള റെസിഡൻഷ്യൽ അപ്പാർട്​മെന്‍റുകൾ നിർമിക്കാം. മുമ്പ്​ ഇവിടെ വില്ലകൾ മാത്രമായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ, പ്രധാന റോഡുകൾക്ക് (എക്സ്​റ്റേണൽ റോഡുകൾ) സമീപമുള്ള പ്ലോട്ടുകളിൽ താഴത്തെ നില വാണിജ്യ ആവശ്യങ്ങൾക്കും അതിനു മുകളിൽ രണ്ടോ മൂന്നോ നിലകളിൽ റെസിഡൻഷ്യൽ അപ്പാർട്​മെന്‍റുകളും പണിയാൻ സാധിക്കും.

പുതിയ ഉത്തരവ് പ്രകാരം 1,000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ വിസ്തീർണമുള്ള പ്ലോട്ടുകൾക്ക് എട്ട് നിലകൾ വരെ നിർമിക്കാൻ പ്രത്യേക ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഒറ്റ പ്ലോട്ടുകൾക്കോ അല്ലെങ്കിൽ തൊട്ടടുത്തുള്ള ചെറിയ പ്ലോട്ടുകൾ ഒന്നിച്ചു ചേർത്തോ ഈ വിസ്തീർണം കണ്ടെത്താം. നിശ്ചിത നിബന്ധനകൾക്ക് വിധേയമായി പ്ലോട്ടുകൾക്കിടയിലുള്ള വഴികളും ഇതിനായി ഉപയോഗിക്കാം. ചെറിയ പ്ലോട്ടുകളുടെ ഉടമസ്ഥർ ഒന്നിച്ചുചേർന്ന് വലിയ വികസന പദ്ധതികൾ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും.

നഗരത്തിന്‍റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ നിലവിലെ ജനവാസ കേന്ദ്രങ്ങളെ കൂടുതൽ സുസ്ഥിരവും ആധുനികവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബൈ മുൻസിപ്പാലിറ്റി എക്സിക്യൂട്ടീവ് പ്ലാനിങ്​ ഡിപാർട്​മെന്‍റ്​ ഡയറക്ടർ എഞ്ചിനീയർ മൻസൂർ അൽ റെയ്‌സ് പറഞ്ഞു. പ്രോപ്പർട്ടി ഉടമകൾക്കും നിക്ഷേപകർക്കും തങ്ങളുടെ വസ്തുവകകൾ കൂടുതൽ കാര്യക്ഷമമായി വികസിപ്പിക്കുന്നതിന് പുതിയ പ്ലാനിങ്​ രീതികൾ സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നതിനൊപ്പം പ്രദേശത്തെ റോഡ്-ഗതാഗത സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനായി ദുബൈ മുൻസിപ്പാലിറ്റി മറ്റ് സേവന വിഭാഗങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്​. വർധിച്ചുവരുന്ന ജനസംഖ്യക്കും വാണിജ്യ ആവശ്യങ്ങൾക്കും അനുസൃതമായി സേവനങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത് സഹായിക്കും.

അൽ സത്​വയുടെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് റെസിഡൻഷ്യൽ, റീട്ടെയിൽ രംഗങ്ങൾക്ക് കൂടുതൽ ഉണർവ് നൽകാനാണ് മുൻസിപ്പാലിറ്റി ശ്രമിക്കുന്നത്. പുതിയ നിയമാവലികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനും സേവനങ്ങൾക്കായി അപേക്ഷിക്കാനും വസ്തു ഉടമകൾക്കും ഉപഭോക്താക്കൾക്കും ‘ബിൽഡ് ഇൻ ദുബൈ’ പോർട്ടൽ (https://buildindubai.gov.ae/) ഉപയോഗിക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Buildings up to eight stories permitted in Al Satwa
Next Story