കെട്ടിടസുരക്ഷ; അബൂദബിയിൽ ഫീൽഡ് സർവേ ആരംഭിച്ചു
text_fieldsഅബൂദബി: കെട്ടിടങ്ങളിലെ സുരക്ഷാമുന്‍കരുതലുകള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ഫീല്‍ഡ് സര്‍വേക്ക് തുടക്കംകുറിച്ചു. സ്മോക് ഡിറ്റക്ടര്‍, അഗ്നിപ്രതിരോധ സംവിധാനം, തീപിടിത്തമുണ്ടായാല്‍ രക്ഷപ്പെടാനുള്ള എമര്‍ജന്‍സി വാതിലുകള്‍ തുടങ്ങി കെട്ടിടങ്ങളില്‍ ഉണ്ടാവേണ്ട സുരക്ഷാ മുന്‍കരുതലുകളാണ് സംഘം പരിശോധിക്കുക. എമിറേറ്റിലെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലൂടെ അപകടങ്ങള്‍ ഇല്ലാതാക്കുകയാണ് സിവില്‍ ഡിഫന്‍സിന്റെ ലക്ഷ്യം.
അബൂദബിയില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് മുമ്പ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് അധികൃതർ നേരത്തെ ബോധവത്കരണം നടത്തിയിരുന്നു. കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചാല്‍ സുരക്ഷ നടപടികള്‍ ഉറപ്പാക്കണം, ഒപ്പം പരിസ്ഥിതിക്ക് ദോഷകരമാവുന്നത് സംഭവിക്കാതിരിക്കാനും ജാഗ്രത പാലിക്കണം, കെട്ടിടം പൊളിക്കുന്ന പ്രദേശം വേലി കെട്ടി വേര്‍തിരിക്കണം, ജോലിക്കാര്‍ സുരക്ഷ ഉപകരണങ്ങള്‍ ധരിക്കണം, സമീപ മേഖലകളില്‍ താമസിക്കുന്നവരുടെയും മറ്റും സുരക്ഷ ഉറപ്പാക്കണം, ശബ്ദമലിനീകരണം കുറക്കാന്‍ ആവശ്യമായ നടപടി കൈക്കൊള്ളണം തുടങ്ങിയ നിർദേശങ്ങൾ അധികൃതർ നൽകുന്നുണ്ട്.
നിര്‍മാണ മേഖലയില്‍ തൊഴിലാളികളുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ അധികൃതര്‍ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ജോലി ചെയ്യുന്ന നിര്‍മാണ മേഖലാ തൊഴിലാളികള്‍ക്കും നിയമം പാലിക്കുന്ന കമ്പനികള്‍ക്കും അബൂദബി മുനിസിപ്പാലിറ്റി ഗോള്‍ഡന്‍ ഹെല്‍മറ്റ് അവാര്‍ഡ് നല്കി ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

