കെട്ടിടങ്ങളുടെ നിലവാരം, സുരക്ഷ: ദുബൈയിൽ പുതിയ നിയമം
text_fieldsദുബൈ: എമിറേറ്റിലെ കെട്ടിടങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി പുതിയ നിയമം പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് പുതിയ നിയമത്തിന് അംഗീകാരം നൽകിയത്. ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ പോലുള്ള സ്വകാര്യ വികസന മേഖലകളിലും ഫ്രീ സോണുകളിലും ഉൾപ്പെടെ ദുബൈയിലുടനീളമുള്ള എല്ലാ കെട്ടിടങ്ങൾക്കും (നിയമനിർമാണത്തിന് മുമ്പോ ശേഷമോ നിർമിച്ചതായാലും) നിയമത്തിലെ വ്യവസ്ഥകൾ ബാധകമാണ്.
പുതിയ നിയമം അനുസരിച്ച് ഡിജിറ്റൽ മാനേജ്മെന്റ് സംവിധാനം വികസിപ്പിക്കൽ, കെട്ടിടങ്ങളുടെ ഏകീകൃത ഡാറ്റ ബേസ് നിലനിർത്തൽ, യഥാസമയമുള്ള വിലയിരുത്തൽ, സുസ്ഥിരത മാനദണ്ഡങ്ങൾ നിർമിക്കൽ, കെട്ടിടങ്ങളും ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കൽ തുടങ്ങിയവയിലൂടെ എല്ലാ കെട്ടിടങ്ങളുടെയും സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ദുബൈ മുനിസിപ്പാലിറ്റിക്കായിരിക്കും. അതോടൊപ്പം കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിക്കേണ്ടതും സംഭവങ്ങൾ ഉണ്ടായാൽ അന്വേഷണം നടത്തേണ്ട ഉത്തരവാദിത്തവും മുനിസിപ്പാലിക്കാണ്. കൂടാതെ തിരുത്തൽ നടപടി, നൂതന സാങ്കേതിക വിദ്യകളുടെ പ്രോത്സാഹനം, ഡിജിറ്റൽ ബിൽഡിങ് പോർട്ടലിന്‍റെ നിയന്ത്രണം എന്നിവയുടെ ഉത്തരവാദിത്തവും മുനിസിപ്പാലിറ്റിക്കായിരിക്കുമെന്ന് നിയമം വ്യക്തമാക്കുന്നു.
ദുബൈ മുനിസിപ്പാലിറ്റി ഉൾപ്പെടെ എമിറേറ്റിലെ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അധികാരികളുടെയും ദുബൈ ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ പോലുള്ള സ്വകാര്യ വികസന മേഖലകളുടെയും ഫ്രീസോണുകളുടെയും മേൽനോട്ടം വഹിക്കുന്ന അധികാരികളുടെയും പങ്കിനെ കുറിച്ചും നിയമം കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.
നിയമത്തിന്‍റെ വ്യവസ്ഥകളും ബന്ധപ്പെട്ട നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് എൻജീനിയറിങ് ഓഫിസ് അല്ലെങ്കിൽ അതത് സ്ഥാപനം നടത്തുന്ന സമഗ്രമായ പരിശോധനകൾക്കും കെട്ടിടങ്ങളുടെ ഘടനാപരവും സാങ്കേതികപരവുമായ അവസ്ഥകളുടെ വിലയിരുത്തലുകൾക്കും ശേഷം മാത്രമേ കെട്ടിടങ്ങൾക്ക് ഗുണനിലവാര, സുരക്ഷ സർട്ടിഫിക്കറ്റുകൾ നൽകാവൂ. കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായ ശേഷം യൂനിറ്റ് ഉടമകൾ ഉൾപ്പെടെ കെട്ടിടത്തിലെ മുഴുവൻ ഉടമകളും ജോയിന്‍റ് പ്രോപർട്ടി ഓണർഷിപ്പ് നിയമത്തിന് കീഴിൽ ക്വാളിറ്റി ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റുകൾ നേടിയിരിക്കണം. കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ച തീയതി മുതൽ 40 വർഷത്തിൽ താഴെയുള്ള കെട്ടിടങ്ങൾക്ക് 10 വർഷവും 40 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള കെട്ടിടങ്ങൾക്ക് അഞ്ച് വർഷവുമാണ് ഗുണനിലവാര, സുരക്ഷാ സർട്ടിഫിക്കറ്റിന്‍റെ പ്രാബല്യം.
ഘടനാപരമായ സമഗ്രത നിലനിർത്തുകയും സ്ഥിരം അറ്റകുറ്റപ്പണികൾ ഉറപ്പുവരുത്തുകയും സുരക്ഷിതമായ പ്രവർത്തനത്തെ പിന്തുണക്കുകയും ചെയ്യുന്നതിലൂടെ എമിറേറ്റിലെ എല്ലാ കെട്ടിടങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് പുതിയ നിയമത്തിന്‍റെ ലക്ഷ്യം. കൂടാതെ താമസക്കാരുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുക, അപകടങ്ങൾ കുറക്കുക, ജീവനും സ്വത്തും സംരക്ഷിക്കുക, എമിറേറ്റിന്‍റെ നഗര അസ്ഥിത്വം സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും നിയമം മുന്നോട്ടുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

