ദുബൈയിൽനിന്ന് ഇസ്രായേലിലേക്ക് ബ്രൂസ് ഗുർഫീന്‍റെ കാർ യാത്ര
text_fieldsബ്രൂസ് ഗുർഫീൻ
ദുബൈ: അമേരിക്കക്കാരൻ ബ്രൂസ് ഗുർഫീൻ ഒരു സ്വപ്നയാത്രയുടെ ഒരുക്കത്തിലാണ്. ഇസ്രായേലിലേക്കുള്ള റോഡ് യാത്ര യാഥാർഥ്യമാകുന്നതിന്‍റെ ത്രില്ലിലാണ് ഈ 45കാരൻ. ദുബൈയിൽനിന്ന് സൗദി അറേബ്യ, ബഹ്റൈൻ, ജോർദൻ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്ര ഞായറാഴ്ച തുടങ്ങും. 21 ദിവസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇരുവശങ്ങളിലേക്കുമായി 8,760 കിലോമീറ്റർ ദൈർഘ്യം വരുന്ന യാത്രക്ക് 20,000 ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഓരോ രാജ്യത്തെയും സ്പെഷൽ പെർമിറ്റെടുത്താണ് യാത്ര. ജറൂസലമും തെൽഅവീവും സന്ദർശിക്കും. 1997 മുതൽ യു.എ.ഇയിൽ താമസിക്കുന്ന ഗുർഫീൻ യു.എ.ഇ-ഇസ്രായേൽ സഹകരണം ശക്തിപ്പെട്ടതോടെയാണ് നേരിട്ടുള്ള യാത്രക്കൊരുങ്ങുന്നത്. ജൂതന്മാരും മുസ്‍ലിംകളും തമ്മിൽ നിരവധി സമാനതകളുണ്ടെന്നും അവർ പരസ്പരം പോരടിക്കേണ്ടവരല്ല, സഹകരിച്ച് പ്രവർത്തിക്കേണ്ടവരാണ് എന്നുമാണ് ഗുർഫീന്‍റെ അഭിപ്രായം. യു.എ.ഇയും ഇസ്രായേലും തമ്മിൽ ഒപ്പുവെച്ച അബ്രഹാം അക്കോഡാണ് തന്‍റെ യാത്ര എളുപ്പമാക്കിയതെന്നും അദ്ദേഹം പറയുന്നു.
ആറുവർഷമായി ഈ യാത്ര പ്ലാൻ ചെയ്യുന്നുണ്ട്. എന്നാൽ, വിവിധ രാജ്യങ്ങളിൽനിന്ന് അനുമതി ലഭിച്ചിരുന്നില്ല. തന്‍റെ പുതിയ ഭക്ഷ്യസുരക്ഷ പ്ലാറ്റ്ഫോമിന് ഈ യാത്ര ഉപകാരപ്രദമാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. യാത്രക്കിടയിൽ വിവിധ രാജ്യങ്ങളിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. യാത്ര പൂർണമായും ഇൻഷുർ ചെയ്യാൻ ഇൻഷുറൻസ് കമ്പനികളൊന്നും തയാറായില്ല. അതിനാൽ, ഓരോ രാജ്യത്തെയും വ്യത്യസ്ത ഇൻഷുറൻസ് എടുത്താണ് അദ്ദേഹത്തിന്‍റെ യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

