ബി.ആർ.എസ് വെഞ്ചേഴ്സ് യു.എ.ഇ സർവകലാശാലയുമായി കൈകോർക്കുന്നു
text_fieldsയു.എ.ഇ സർവകലാശാലയിൽനിന്ന് ബിരുദം നേടുന്നവർക്ക് തൊഴിൽ പരിശീലനത്തിനും മാർഗനി ർദേശത്തിനും സൗകര്യം
അബൂദബി: ഡോ. ബി.ആർ. ഷെട്ടിയുടെ ബി.ആർ.എസ് വെഞ്ചേഴ്സ് ബിരുദധാരികൾക്ക് തൊഴിലവസരം ഒരുക്കുന്നതിന് യു.എ.ഇ സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചു. ബി.ആർ.എസ് വെഞ്ചേഴ്സിെൻറ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ അർഹമായ സ്ഥാനങ്ങളിൽ ഈ സർവകലാശാലയിൽ നിന്നുള്ള ബിരുദധാരികളെ നിയമിക്കുന്നതിനും സാധ്യതയുള്ള വിദ്യാർഥികൾക്ക് എട്ട് മുതൽ 16 ആഴ്ച വരെ നീണ്ടുനിൽക്കുന്ന ഇേൻറൺഷിപ്പ് സൗകര്യമൊരുക്കുന്നതിനും ഇതുവഴി സംവിധാനമുണ്ടാകും. യു.എ.ഇ ആസ്ഥാനമായുള്ള ഒരു സർവകലാശാലയുമായി ഇത്തരമൊരു ധാരണാപത്രം ആദ്യമാണ്. സായിദ് വർഷത്തിനുള്ള സമർപ്പണമായിട്ടു കൂടിയാണ് ഈ നീക്കം.
ഒരു പ്രവാസിയെന്ന നിലയിൽ തൊഴിലന്വേഷിച്ചു വന്ന തെൻറ ജീവിതത്തെ മാറ്റിമറിക്കാൻ അനുകൂലമായ അവസരങ്ങൾ തന്ന യു.എ.ഇ എന്ന മഹാരാഷ്ട്രത്തിനും അതിെൻറ ശിൽപിയായ ശൈഖ് സായിദിനും ഉദാരമതികളായ ഭരണകർത്താക്കൾക്കും ജനതക്കും സായിദ് വർഷത്തിൽ നല്ലൊരു പ്രത്യുപകാരമായിട്ടാണ് യു.എ.ഇ സർവകലാശാലയുമായുള്ള സഹകരണത്തെ കാണുന്നതെന്ന് ബി.ആർ.എസ് വെഞ്ചേഴ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ബി.ആർ. ഷെട്ടി പറഞ്ഞു. വിദ്യാഭ്യാസത്തിനും പൊതു വികസനത്തിനും ഊന്നൽ നൽകിയിരുന്ന ശൈഖ് സായിദിെൻറ ഉന്നത വീക്ഷണങ്ങളോടുള്ള കടപ്പാടും ഇതിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു കക്ഷികളുടെയും ഗുണമേന്മയാർന്ന സേവനങ്ങളും പരിചയ സമ്പത്തും പ്രയോജനപ്പെടുത്തി ഭാവിവാഗ്ദാനങ്ങളായ യുവ തലമുറയെ തൊഴിൽ മേഖലയിൽ നിയമിക്കുന്നതിനുള്ള ഈ ധാരണാപത്രം വലിയ പ്രചോദനമാണെന്ന് യു.എ.ഇ സർവകലാശാല അസോസിയേറ്റ് പ്രൊവോസ്റ്റ് ഡോ. അത്തീഖ് ആൽ മൻസൂരി അഭിപ്രായപ്പെട്ടു.