സ്വർണം നാട്ടിൽ കൊണ്ടുപോകൽ; അറിഞ്ഞിരിക്കേണ്ട കസ്റ്റംസ് നിയമങ്ങൾ
text_fieldsയു.എ.ഇ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന നിരവധി ഇന്ത്യക്കാർക്ക് സ്വർണം ഒരു നിക്ഷേപമായും അത് ധരിക്കൽ തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗവുമായാണ് വിലയിരുത്തുന്നത്. സ്വർണക്കട്ടികൾക്കും ആഭരണങ്ങൾക്കും ജി.എസ്.ടി ഇല്ലാത്തതിനാൽ ഗൾഫ് രാജ്യങ്ങളിലെ ആകർഷകമായ വിലക്കുറവ്, സ്വർണം വാങ്ങുന്നതിനുള്ള പ്രധാന കാരണമാണ്.
ഇന്ത്യയേക്കാൾ 5ശതമാനം മുതൽ 7ശതമാനം വരെ കുറഞ്ഞ വിലയിൽ ഗൾഫിൽ സ്വർണം ലഭിക്കുന്നതിനാൽ, പ്രവാസികൾ നാട്ടിലേക്ക് മടങ്ങുമ്പോൾ സ്വർണം വാങ്ങുന്നത് ഒരു സാധാരണ കാര്യമാണ്. എങ്കിലും, ഈ വിലയേറിയ ആസ്തി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കുന്നത് സുരക്ഷിതമായ യാത്രക്ക് അത്യാവശ്യമാണ്.
ഡ്യൂട്ടി ഫ്രീ പരിധി
വിദേശത്ത് ഒരു വർഷത്തിൽ കൂടുതൽ താമസിച്ചശേഷം നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ പൗരന്മാർ കസ്റ്റംസ് തീരുവ ഒഴിവാക്കാൻ അനുവദിച്ചിട്ടുള്ള ഡ്യൂട്ടി ഫ്രീ പരിധി ശ്രദ്ധിക്കണം. പുരുഷ യാത്രക്കാർക്ക് പരമാവധി 20 ഗ്രാം സ്വർണാഭരണങ്ങൾ കൊണ്ടുപോകാം എന്നാണ്. എന്നാൽ കൊണ്ടുപോകുന്ന സ്വർണം 50,000 രൂപയുടെ, അല്ലെങ്കിൽ 210 ദീനാറിന്റെ മൂല്യത്തിലധികമാകാൻ പാടില്ല എന്ന നിയമം കൂടി നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏകദേശം നാലോ അഞ്ചോ ഗ്രാം സ്വർണം മാത്രമാണ് പുരുഷന്മാർക്ക് കൊണ്ടുപോകാൻ കഴിയുക.
വനിത യാത്രക്കാർക്ക് പരമാവധി 40 ഗ്രാം സ്വർണാഭരണങ്ങൾ കൊണ്ടുപോകാം. പക്ഷേ പരമാവധി മൂല്യം 1,00,000 ലക്ഷം രൂപയോ, 420 ദീനാറോ കവിയാൻ പാടില്ല. നിലവിൽ ഈ കണക്കുകൾപ്രകാരം പരമാവധി എട്ടോ പത്തോ ഗ്രാം മാത്രമാണ് സ്ത്രീകൾക്ക് കൊണ്ടുപോകാൻ സാധിക്കുക. ഈ ഡ്യൂട്ടി ഫ്രീ ഇളവ് സ്വർണാഭരണങ്ങൾക്ക് മാത്രമേ ബാധകമാകൂ. സ്വർണ നാണയങ്ങൾ, ബിസ്കറ്റുകൾ, ബാറുകൾ എന്നിവ ഈ പരിധിയിൽ ഉൾപ്പെടില്ല.
അധിക സ്വർണം കൊണ്ടുവരുമ്പോൾ
വിദേശത്ത് ആറ് മാസത്തിലധികം താമസിച്ച ഇന്ത്യൻ യാത്രക്കാർക്ക് ഒരു കിലോഗ്രാം വരെ സ്വർണം (ആഭരണങ്ങൾ, ബാറുകൾ, നാണയങ്ങൾ എന്നിവ ഉൾപ്പെടെ ഏത് രൂപത്തിലും) കസ്റ്റംസ് തീരുവ അടച്ച് ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ട്.
ഡ്യൂട്ടി ഫ്രീ പരിധി കവിയുകയാണെങ്കിലോ, സ്വർണാഭരണമല്ലാത്ത രൂപത്തിൽ കൊണ്ടുവരുകയാണെങ്കിലോ, സ്വർണത്തിന്റെ മൂല്യത്തിന്റെ ഏകദേശം 13.75ശതമാനം കസ്റ്റംസ് തീരുവയായി ഈടാക്കും.ഈ തീരുവ അതത് രാജ്യത്തെ കൺവേർട്ടിബ്ൾ വിദേശ കറൻസിയിൽ അടക്കണം. അതായത് ബഹ്റൈനിൽ നിന്നാണെങ്കിൽ ദീനാറിൽ നൽകേണ്ടി വരും.
ശ്രദ്ധിക്കേണ്ട രേഖകൾ
തടസ്സരഹിതമായ കസ്റ്റംസ് ക്ലിയറൻസിനായി യാത്രക്കാർ എല്ലായ്പ്പോഴും കൃത്യമായ ഡോക്യുമെന്റേഷൻ കൈവശം വെക്കണം. സ്വർണത്തിന്റെ വില, പരിശുദ്ധി, തീയതി എന്നിവ വ്യക്തമാക്കുന്ന പർച്ചേസ് ഇൻവോയ്സുകൾ നിർബന്ധമായും കരുതുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

