ദുബൈ-അൽഐൻ റോഡിൽനിന്ന് നാദൽ ശിബയിലേക്ക് പാലം
text_fieldsദുബൈ-അൽഐൻ റോഡിൽനിന്ന് നാദൽ ശിബയിലേക്ക് നിർമിക്കുന്ന
പാലത്തിന്റെ രൂപരേഖ
ദുബൈ: നഗരത്തിലെ പ്രധാന പാതകളിലൊന്നായ ദുബൈ-അൽഐൻ റോഡിനെ നാദൽ ശിബ പ്രദേശവുമായി ബന്ധിപ്പിക്കുന്ന പാലം നിർമിക്കുന്നു. 700 മീറ്റർ നീളത്തിൽ രണ്ടു വരികളിലായി നിർമിക്കുന്ന പാലം ഈ ഭാഗത്തെ യാത്രസമയം 83 ശതമാനം കുറക്കുമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ദുബൈ-അൽഐൻ റോഡിൽ അൽ ഐൻ ഭാഗത്തേക്ക് പോകുന്നവർക്ക് നാദൽ ശിബ ഭാഗത്തേക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാൻ പാലം വഴി സാധിക്കും. നാദൽ ശിബ പ്രദേശത്തെ താമസക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പാലം.
മണിക്കൂറിൽ 2600 വാഹനങ്ങളെ ഉൾക്കൊള്ളാൻ പാലത്തിന് സാധിക്കും. ആറ് മിനിറ്റ് യാത്ര ചെയ്തിരുന്ന സ്ഥാനത്ത് ഈ ഭാഗത്ത് പാലം വരുന്നതോടെ യാത്ര സമയം ഒരു മിനിറ്റായി കുറയും. 30,000 താമസക്കാരുടെ കേന്ദ്രമായ നാദൽ ശിബയിലേക്ക് പോകുമ്പോഴും വരുമ്പോഴുമുള്ള ഗതാഗതക്കുരുക്ക് കുറക്കാനും പദ്ധതി സഹായിക്കും. ഈ വർഷം അവസാന പാദത്തിൽ പാലം നിർമാണം ആരംഭിക്കാനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അടുത്ത വർഷം പദ്ധതി പൂർത്തിയാവുകയും ചെയ്യും. നഗരത്തിലെ ജനസംഖ്യ അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ആർ.ടി.എയുടെ വിവിധ പദ്ധതികളുടെ ഭാഗമായാണ് പാലം നിർമിക്കുന്നത്.
നഗരത്തിലെ പ്രധാനപ്പെട്ട താമസ മേഖലകളിലൊന്നായ നാദൽ ശിബയിലും സമീപ വർഷങ്ങളിൽ ജനസംഖ്യ വർധിച്ചിട്ടുണ്ട്. പാലം കൂടുതൽ സുരക്ഷിതവും എളുപ്പത്തിലുമുള്ള ഗതാഗതത്തിന് വഴിയൊരുക്കുന്നതായിരിക്കും. നാദൽ ശിബ സ്ട്രീറ്റിനും ദുബൈ-അൽഐൻ റോഡിനും ചേർന്നുള്ള ഇന്റർസെക്ഷനിൽ പുതിയ പാലം നേരത്തേ ആർ.ടി.എ തുറന്നിരുന്നു. 170 മീറ്റർ നീളമുള്ള രണ്ടുവരി പാലം മേഖലയിൽ ഗതാഗതം എളുപ്പമാക്കുന്നതാണ്. മേഖലയിലെ നിരവധി സ്കൂൾ പ്രദേശങ്ങളിലും ആർ.ടി.എ റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

