ദുബൈ വിമാനത്താവളത്തിലേക്ക് പാലം വിപുലീകരിച്ചു
text_fieldsവിപുലീകരിച്ച ദുബൈ വിമാനത്താവളത്തിലേക്കുള്ള പാലം
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ(ഡി.എക്സ്.ബി) ടെർമിനൽ ഒന്നിലേക്ക് പോകുന്നതിന് പുതുതായി വികസിപ്പിച്ച പാലം ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) ശനിയാഴ്ച തുറന്നു.
ദുബൈ ഏവിയേഷൻ എൻജിനീയറിങ് പ്രോജക്ടുകളുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതിയിലൂടെ പാലം മൂന്ന് വരിയിൽ നിന്ന് നാല് വരിയായി വീതി കൂട്ടി. വിപുലീകരണം പൂർത്തിയായതോടെ പാലത്തിന്റെ ശേഷി മണിക്കൂറിൽ 4200 വാഹനങ്ങളിൽ നിന്ന് 5600 വാഹനങ്ങളായി ഉയർന്നു. ഇതുവഴി പാലത്തിൽ ഉൾക്കൊള്ളാവുന്ന വാഹനങ്ങളുടെ എണ്ണം 33 ശതമാനമാണ് വർധിച്ചിട്ടുള്ളത്.
പദ്ധതി പൂർത്തിയായതോടെ ടെർമിനൽ ഒന്നിലേക്ക് പോകുന്നതിന് ഗതാഗതം എളുപ്പമാവുകയും തിരക്ക് കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് തിരക്കേറിയ യാത്രാസമയങ്ങളിൽ പുതിയ പാത വലിയ രീതിയിൽ സഹായകരമാകും.
ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ റോഡ് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് വിപുലീകരണം പൂർത്തിയാക്കിയതെന്ന് ആർ.ടി.എ പ്രസ്താവനയിൽ വ്യക്തമാക്കി. റോഡ് നടപ്പാതകളുടെ നവീകരണം, മികച്ച മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, ലാൻഡ്സ്കേപ്പിങ്, സുരക്ഷയും ദൃശ്യപരതയും വർധിപ്പിക്കുന്നതിനായി പുതിയ തെരുവ് വിളക്കുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.
ദുബൈയുടെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമാണ് പദ്ധതിയെന്ന് ആർ.ടി.എയും ദുബൈ ഏവിയേഷൻ എഞ്ചിനീയറിങ് പ്രോജക്ട്സും പ്രസ്താവനയിൽ പറഞ്ഞു. വിമാനത്താവളങ്ങളിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുക, ജീവിത നിലവാരം ഉയർത്തുക, വിമാന യാത്രയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്നിവയാണ് നവീകരണത്തിന്റെ ലക്ഷ്യമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

