ശൈഖ് സായിദ് റോഡും മാൾ ഓഫ് എമിറേറ്റ്സും ബന്ധിപ്പിച്ച് പാലം
text_fieldsശൈഖ് സായിദ് റോഡും മാൾ ഓഫ് എമിറേറ്റ്സും ബന്ധിപ്പിച്ച് നിർമാണം പൂർത്തിയാക്കിയ പാലം
ദുബൈ: നഗരത്തിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡും മാൾ ഓഫ് എമിറേറ്റ്സും ബന്ധിപ്പിച്ച് പാലം തുറന്നു. മാൾ ഉടമകളായ മാജിദ് അൽ ഫുത്തൈം േപ്രാപ്പർട്ടീസുമായി സഹകരിച്ച് ദുബൈ റോഡ് അതോറിറ്റി(ആർ.ടി.എ)യാണ് പദ്ധതി നടപ്പിലാക്കിയത്. 300മീറ്റർ നീളത്തിലാണ് ഒറ്റവരി പാലം നിർമിച്ചിട്ടുള്ളത്.
അബൂദബി, ജബൽഅലി ഭാഗങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് നേരിട്ട് മാൾ ഓഫ് എമിറേറ്റ്സ് കാർ പാർക്കിങിലേക്ക് എത്തിച്ചേരാൻ പാലം വഴി സാധിക്കും. മണിക്കൂറിൽ 900വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ശേഷി പാലത്തിനുണ്ട്. മാളിന്റെ പ്രവേശന കവാടങ്ങൾ, ചുറ്റുമുള്ള റോഡുകൾ, കവലകൾ, കാൽനട നടപ്പാതകൾ, സൈക്ലിങ് ട്രാക്കുകൾ എന്നിവയുടെ വികസനവും നവീകരണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
ഷോപ്പിങ് സെൻററുകളിലേക്കും പ്രോപ്പർട്ടി കേന്ദ്രങ്ങളിലേക്കുമുള്ള റോഡ് ശൃംഖല ശക്തിപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായാണ് പാലം തുറന്നിരിക്കുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. ഗതാഗതം സുഗമമാക്കുകയും വ്യത്യസ്ത പ്രദേശങ്ങളിലേക്ക് താമസക്കാരുടെയും സന്ദർശകരുടെയും സഞ്ചാരം എളുപ്പമാക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരത്തിൽ ആർ.ടി.എ ആറ് കിലോമീറ്റർ നീളത്തിൽ റോഡ് നവീകരണം നടപ്പിലാക്കുന്ന ഉമ്മുസുഖൈം സ്ട്രീറ്റ് നവീകരണ പദ്ധതിയും ഈ വർഷം ആർ.ടി.എ നടപ്പിലാക്കുന്നുണ്ട്. ജുമൈറ സ്ട്രീറ്റ് ജങ്ഷൻ മുതൽ അൽഖൈൽ റോഡ് ജങ്ഷൻ വരെയുള്ള ഭാഗങ്ങളിലാണ് പദ്ധതി നടപ്പിലാക്കാൻ ആസൂത്രണം ചെയ്തിട്ടുള്ളത്.
അബൂദബി, ജബൽഅലി ഭാഗങ്ങളിൽ നിന്ന് മാൾ ഓഫ് എമിറേറ്റ്സിലേക്ക് വരുന്നവരുടെ യാത്ടൊസമയം 10മിനുറ്റിൽ നിന്ന് ഒരു മിനുറ്റായി കുറയാൻ പദ്ധതി സഹായിക്കും. മാളിന് ചുറ്റുമുള്ള റോഡുകളിലെ സുരക്ഷയും ഗതാഗതവും മെച്ചപ്പെടുത്തുന്നതുമാണ് പദ്ധതി. 2005ൽ തുറന്ന മാൾ ഓഫ് എമിറേറ്റ്സ് ഓരോ വർഷവും നാല് കോടി സന്ദർശകരെത്തുന്ന ഷോപ്പിങ് കേന്ദ്രമാണ്. മാളിന്‍റെ 20ാം വാർഷികത്തോട് അനുബന്ധിച്ച് ഉടമകളായ മാജിദ് അൽ ഫുത്തൈം ഗ്രൂപ്പ് കേന്ദ്രത്തിന്‍റെ സമഗ്രമായ പുനർനവീകരണത്തിന് 500കോടി ദിർഹമിന്‍റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. സന്ദർശകർക്ക് വലിയ സഹായകമാകുന്ന പദ്ധതിയാണ് ആർ.ടി.എയുമായി സഹകരിച്ച് നിലവിൽ നടപ്പിലാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

