സ്തനാർബുദ ബോധവത്കരണം: സൈക്ലിങ്ങുമായി 25 വനിതകൾ
text_fieldsവെലോ വിക്സനിലെ അംഗങ്ങൾ സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ സൈക്ലിങ്
ദുബൈ: സ്തനാർബുദ ബോധവത്കരണ മാസത്തോടനുബന്ധിച്ച് സൈക്ലിങ്ങുമായി 25 വനിതകൾ. സ്തനാർബുദ ബോധവത്കരണവുമായാണ് ഇവർ അൽ ഖുദ്രയിൽ 85 കിലോമീറ്റർ സൈക്ലിങ് നടത്തിയത്. വെലോ വിക്സൻ എന്ന സൈക്ലിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. സ്തനാർബുദത്തിൽനിന്ന് മോചിതരായവർ ഉൾപ്പെടെ സൈക്ലിങ്ങിൽ പങ്കെടുത്തു. മുൻകൂട്ടി അറിഞ്ഞാൽ ചികിത്സിച്ച് ഭേദമാക്കാവുന്ന അസുഖമാണ് അർബുദം.
എന്നാൽ, പലരും അസുഖം തിരിച്ചറിയുന്നത് ഗുരുതരാവസ്ഥയിലെത്തുമ്പോഴാണ്. പ്രത്യേകിച്ച് വീട്ടമ്മമാർ. ഇവരെ രോഗത്തെ കുറിച്ച് ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെലോ വിക്സൻ സൈക്ലിങ് നടത്തിയത്.
പുരുഷന്മാർക്കും സ്തനാർബുദം ബാധിക്കാം എന്നതിനാൽ അവരെ കൂടി ലക്ഷ്യമിട്ടായിരുന്നു ബോധവത്കരണം. 33ാം വയസ്സിൽ സ്തനാർബുദം ബാധിച്ച ഫിലിപ്പ ഗ്ലോവർ, സ്തനാർബുദം ബാധിച്ച് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവർ, അർബുദ ബാധിതരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഏഴുപേരുമായി 2010ൽ തുടങ്ങിയ സൈക്ലിങ് ഗ്രൂപ്പാണ് വെലോ വിക്സൻ. എന്നാൽ, നിലവിൽ വിവിധ രാജ്യങ്ങളിലെ 1000ത്തോളം അംഗങ്ങൾ ഈ ഗ്രൂപ്പിലുണ്ട്.

