സ്തനാർബുദ ബോധവത്കരണ മാസം: വി.പി.എസ്-ബുർജീൽ മെഡിക്കൽ സിറ്റി പരിശോധന പരിപാടി സംഘടിപ്പിച്ചു
text_fieldsഅബൂദബി: സ്തനാർബുദ ബോധവത്കരണ മാസത്തിൽ യു.എ.ഇയിലെ ഏറ്റവും വിപുലമായ ബോധവത്കരണ-പരിശോധന പരിപാടി സംഘടിപ്പിച്ച് വി.പി.എസ്-ബുർജീൽ മെഡിക്കൽ സിറ്റി. ഒക്ടോബർ ആദ്യം മുതൽ വ്യാഴാഴ്ച വരെ ഒരു മാസം നീണ്ടുനിന്ന ‘ഹോപ്റ്റോബർ’ ബോധവത്കരണ പരിപാടിയാണ് വി.പി.എസ് ബുർജീൽ മെഡിക്കൽ സിറ്റി സംഘടിപ്പിച്ചത്. പ്രത്യേകം സജ്ജീകരിച്ച മൊബൈൽ മാമോഗ്രാം യൂനിറ്റ് യു.എ.ഇയുടെ വിവിധ മേഖലകളിൽ എത്തിച്ചായിരുന്നു സർക്കാർ, സ്വകാര്യ സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പങ്കാളികളാക്കിയ ബോധവത്കരണ-പരിശോധന പരിപാടികൾ ഒരുക്കിയത്.
അബൂദബിയിലും അൽഐനിലും 13 ഇടങ്ങളിലായി 300ഓളം സ്ത്രീകൾ സൗജന്യ മാമോഗ്രാം പരിശോധനക്ക് വിധേയരായി. അർബുദരോഗ വിദഗ്ധരുടെ നേതൃത്വത്തിൽ സെമിനാറുകളും സംഘടിപ്പിച്ചിരുന്നു. 38 രാജ്യങ്ങളിൽനിന്നുള്ള വനിതകളാണ് ബോധവത്കരണത്തിെൻറ ഭാഗമായത്. യു.എ.ഇയിൽ മൊബൈൽ മാമോഗ്രാം യൂനിറ്റ് സൗജന്യമായി ലഭ്യമാക്കുന്ന ഏക ഗ്രൂപ്പാണ് വി.പി.എസ് ഹെൽത്ത് കെയർ.
ബോധവത്കരണ പരിപാടിയിലെ മികച്ച പങ്കാളിത്തം പ്രതീക്ഷജനകമാണെന്ന് വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. സ്തനാർബുദം എത്ര നേരത്തേ കണ്ടെത്തുന്നുവോ അത്രയും അതിജീവന സാധ്യത കൂടുതലാണ്. അതിനാൽ പ്രചാരണ മാസം അവസാനിച്ചാലും ബോധവത്കരണം കൂടുതൽ പേരിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അബൂദബി പൊലീസ്, അബൂദബി സർവകലാശാല, എമിറേറ്റ്സ് സ്റ്റീൽ, ഫാത്തിമ കോളജ്, അഡ്നിക്, അബൂദബി എയർപോർട്ട്സ്, അഡ്നോക്, അൽദാർ അക്കാദമി എന്നീ സ്ഥാപനങ്ങൾക്കൊപ്പം പ്രധാന മാളുകളും പ്രചാരണത്തിെൻറ ഭാഗമായി. മൊബൈൽ മാമോഗ്രാം സ്ക്രീനിങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് വി.പി.എസ് ഗ്രൂപ്പിന് കീഴിലുള്ള ബുർജീൽ ആശുപത്രികളിൽ സൗജന്യ മാമോഗ്രാം പരിശോധന നടത്താനായി രണ്ടായിരം കൂപ്പണുകളും വിവിധ സംഘടനകൾ വഴി വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
