വിശ്വാസവഞ്ചന; പ്രതി 22.5 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് വിധി
text_fieldsദുബൈ: വിശ്വാസവഞ്ചനക്ക് ശിക്ഷിക്കപ്പെട്ട അറബ് പൗരനായ പ്രതി ഇരക്ക് 22.5 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് കോടതി. ഇരക്കുണ്ടായ ഭൗതികവും ധാർമികവുമായ നാശനഷ്ടങ്ങൾ വിലയിരുത്തിയാണ് കോടതി നഷ്ടപരിഹാരത്തിന് വിധിച്ചത്. കേസിൽ നേരത്തേ ക്രിമിനൽ കോടതി പ്രതിയെ ഒരു വർഷം തടവിനും നാടുകടത്താനും ഉത്തരവിട്ടിരുന്നു. വിശ്വാസവഞ്ചന കാണിച്ചതായും നിയമവിരുദ്ധമായി സ്വത്ത് പിടിച്ചെടുത്തതായും കാണിച്ചാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. പബ്ലിക് പ്രോസിക്യൂട്ടർമാർ കേസ് അന്വേഷിച്ച് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. പ്രതി പണം കൈപ്പറ്റിയതായി സ്ഥിരീകരിച്ചതോടെയാണ് കോടതി പ്രതിയെ ശിക്ഷിച്ചതെന്ന് ‘ഇമാറാത്ത് അൽ യൗ’ റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് സിവിൽ കേസിൽ കുറ്റകൃത്യം സാമ്പത്തികവും ധാർമികവുമായ കാര്യമായ നാശനഷ്ടങ്ങൾക്ക് കാരണമായതായി ഇര ബോധിപ്പിക്കുകയായിരുന്നു. സാമ്പത്തിക നഷ്ടം, പണം നിക്ഷേപിക്കാൻ കഴിയാത്തത്, സ്വത്തവകാശ ലംഘനം മൂലമുണ്ടായ ഭൗതികമല്ലാത്ത നാശനഷ്ടങ്ങൾ, ദീർഘകാല നിയമനടപടികൾ സ്വീകരിക്കേണ്ടിവന്നത് എന്നിവ ഇയാൾ ചൂണ്ടിക്കാണിച്ചു. ഫണ്ട് ദുരുപയോഗം ചെയ്തതിന് ക്രിമിനൽ കേസിൽ അന്തിമ ശിക്ഷാവിധി വന്നതോടെ പ്രതിയുടെ തെറ്റ് സ്ഥാപിക്കപ്പെട്ടതാണെന്നും സിവിൽ കോടതിയിൽ അതിനെ ചോദ്യംചെയ്യാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ പ്രവൃത്തികൾ പണം നഷ്ടപ്പെടുന്നതിനും നിക്ഷേപ സാധ്യതയുള്ള വരുമാനം ഇല്ലാതാകുന്നതിനും അധിക നിയമപരമായ ചെലവുകൾ വന്നതിനും കാരണമായെന്ന് കോടതി വിലയിരുത്തി. നിയമപരമായ പലിശ, കോടതി ഫീസ്, അഭിഭാഷകരുടെ ചെലവുകൾ എന്നിവക്ക് പുറമെയാണ് 22.5 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

