ഹത്തയിൽ കമ്യൂണിറ്റി ക്യാമ്പിങ് നടത്തി ബ്രാൻഡ് ദുബൈ
text_fieldsഹത്തയിൽ ഒരുക്കിയ ടെന്റിനരികെ തീകായുന്നവർ
ദുബൈ: ശൈത്യകാലം ആസ്വദിക്കുന്നതിനായി എമിറേറ്റിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളിൽ ഒന്നായ ഹത്തയിൽ കമ്യൂണിറ്റി ക്യാമ്പിങ്ങിന് അവസരമൊരുക്കി ബ്രാൻഡ് ദുബൈ. ദുബൈ മീഡിയ ഓഫിസിന്റെ ക്രിയേറ്റീവ് വിഭാഗമാണ് ബ്രാൻഡ് ദുബൈ. വിവിധ പ്രായത്തിലുള്ളവരുമായുള്ള സാമൂഹിക ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം വളർത്തുക, ദുബൈയുടെ പ്രധാന ഔട്ട്ഡോർ ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഹത്തയെ ഉയർത്തിക്കാട്ടുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് കമ്യൂണിറ്റി ക്യാമ്പിങ്ങിന് അവസരമൊരുക്കിയത്.
ഹത്ത പർവതനിരകളിൽ സുഹൈല തടാകത്തിന് സമീപത്തായി 50ലധികം പേർ ഉൾപ്പെടുന്ന സന്ദർശകർക്കാണ് ക്യാമ്പ് ചെയ്ത് ശൈത്യകാലം ആസ്വദിക്കാനുള്ള അവസരമൊരുക്കിയത്. പരിസ്ഥിതി ഗവേഷകൻ സുൽത്താൻ അൽ ബലൂഷിയുടെ നേതൃത്വത്തിൽ ഹത്ത പർവത നിരകളിലൂടെ ഹൈക്ക് ചെയ്യുകയായിരുന്നു ഇതിൽ ഏറ്റവും ആകർഷകമായ പ്രവർത്തനങ്ങളിൽ ഒന്ന്. പ്രാദേശിക വന്യജീവികൾ, വിവിധ സസ്യങ്ങൾ, വിത്യസ്തമായ പാറക്കെട്ടുകളുടെ രൂപീകരണം തുടങ്ങിയവയെ കുറിച്ചുള്ള പഠനത്തിന് ഹൈക്കിങ് അവസരമൊരുക്കി. പ്രകൃതിയുടെ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഉത്തരവാദിത്തോടെയുള്ള ടൂറിസം ആസ്വാദനവും സന്ദർശകരെ ബോധ്യപ്പെടുത്താൻ ഇത്തരം യാത്രകൾ സഹായകമായതായി അധികൃതർ അറിയിച്ചു.
വൈകീട്ടോടെ സുഹൈല തടാകത്തിന് അരികിലേക്ക് തിരിച്ചെത്തിയ സന്ദർശകർക്ക് രാത്രിയിൽ അവിടെ ടെന്റുകൾ ഒരുക്കാനുള്ള അവസരമുണ്ടായിരുന്നു. ദൃശ്യപ്രദർശനങ്ങളുടെ പിന്തുണയോടെയുള്ള ഒരു സംവേദനാത്മത ജ്യോതിശാസ്ത്ര സെഷനും തുടർന്ന് സൗഹൃദ മത്സരവും സംഘടിപ്പിച്ചു. അതിൽ പങ്കെടുക്കുന്നവർക്ക് നക്ഷത്രങ്ങളെ തിരിച്ചറിയാനും രാത്രി ആകാശത്ത് അവ എപ്പോൾ പ്രത്യക്ഷപ്പെടുമെന്ന് മനസിലാക്കാനും കഴിഞ്ഞു. ഇമാറാത്തി പ്രഫഷനൽ ഫോട്ടോഗ്രാഫർ യൂസുഫ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ ഹത്തയുടെ ആകാശം നിരീക്ഷിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. കഴിഞ്ഞുപോയ തലമുറ യാത്ര ചെയ്യുമ്പോൾ ദിശ മനസിലാക്കാൻ എങ്ങനെയാണ് നക്ഷത്രങ്ങളെ ഉപയോഗിച്ചിരുന്നതെന്ന് അദ്ദേഹം വിവരിച്ചു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

