10 വയസുകാരന് കാറിൽ ലൈംഗികാതിക്രമം; അയൽവാസിക്ക് പത്തുവർഷം തടവ് ശിക്ഷ
text_fieldsഅബൂദബി: സ്വകാര്യ വാഹനത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് അബൂദബി ക്രിമിനല്‍ കോടതി. ശിക്ഷാ കാലാവധി പൂര്‍ത്തിയായാലും പ്രതി ഇരയുടെ വീടിന് സമീപം താമസിക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തി.
അയല്‍വാസിയായ 10 വയസ്സുകാരനെ തന്‍റെ കാറിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രതി ലൈംഗികാതിക്രമത്തിനിരയാക്കിയത്. കുട്ടിയുടെ ബന്ധുവാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ച പൊലീസ് അന്വേഷണം നടത്തുകയും സംഭവം നടന്നുവെന്ന് പരാതിയിൽ പറഞ്ഞ ദിവസം പ്രതിയുടെ വാഹനം കുട്ടിയുടെ വീടിനു സമീപമുണ്ടായിരുന്നതായും കണ്ടെത്തി. ഇയാളുടെ വാഹനത്തില്‍ നിന്ന് പീഡനത്തിനിരയായ കുട്ടിയുടെ വിരലടയാളം ഫോറന്‍സിക് വിഭാഗം കണ്ടെത്തുകയും ചെയ്തിരുന്നു. കുട്ടിയുടെ മൊഴിയും സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും പൊലീസ് കോടതി മുമ്പാകെ സമര്‍പ്പിച്ചതോടെയാണ് പ്രതിക്ക് 10 വര്‍ഷം തടവ് വിധിച്ചത്.
ജയില്‍ മോചിതനാവുന്ന പക്ഷം പ്രതി പീഡനത്തിനിരയായ കുട്ടിയുടെ വീടിന്‍റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ താമസിക്കരുതെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. യു.എ.ഇ നിയമപ്രകാരം കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷയാണ് നൽകുക. കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി (സി.ഡി.എ), ദുബൈ ഫൗണ്ടേഷൻ ഫോർ വുമൻ ആൻഡ് ചിൽഡ്രൻ, റാസൽ ഖൈമയിലെ അമാൻ ഷെൽട്ടർ ഫോർ വുമൻ ആൻഡ് ചിൽഡ്രൻ, ചൈൽഡ് ആൻഡ് ഫാമിലി പ്രൊട്ടക്ഷൻ സെന്‍റർ, അജ്മാനിലെ പ്രൊട്ടക്ഷൻ ഫൗണ്ടേഷൻ ഫോർ വുമൻ ആൻഡ് ചിൽഡ്രൻ, അൽ അമീൻ സർവിസ്, കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി എന്നിവ മുഖാന്തിരം ഇത്തരം കേസുകൾ റിപോർട്ട് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

