ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു
text_fieldsവെള്ളിയോടൻ, ഹുസ്ന റാഫി
ദുബൈ: ഓർമ സെൻട്രൽ കമ്മിറ്റി അംഗം സാഹിത്യവിഭാഗം കൺവീനറും ഖിസൈസ് മേഖല സെക്രട്ടറിയുമായിരുന്ന ബോസ് കുഞ്ചേരിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ രണ്ടാമത് ബോസ് കുഞ്ചേരി സാഹിത്യപുരസ്കാരം പ്രഖ്യാപിച്ചു. കഥ വിഭാഗത്തിൽ ഹുസ്ന റാഫി രചിച്ച ഇന്തോളചരിതം ഒന്നാം സ്ഥാനവും വെള്ളിയോടൻ രചിച്ച പിര രണ്ടാം സ്ഥാനവും നേടി. യാത്രാവിവരണം വിഭാഗത്തിൽ സുധീഷ് കുമാർ രചിച്ച ഫൈലച്ച എന്ന കുവൈത്ത് നഗരം ഒന്നാം സ്ഥാനവും എം.ഒ രഘുനാഥ് രചിച്ച അഗ്നി ഭൂമിയിലൂടെ ഒരു യാത്ര രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കഥ, യാത്രാവിവരണം എന്നിവക്കാണ് സൃഷ്ടികൾ ക്ഷണിച്ചത്. പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനും ആയ ജി.ആർ ഇന്ദുഗോപൻ ആണ് ഫലപ്രഖ്യാപനം നടത്തിയത്. സാഹിത്യ അക്കാദമി ഭരണ സമിതി അംഗം വി.എസ് ബിന്ദു ടീച്ചർ, എഴുത്തുകാരൻ ജി.ആർ ഇന്ദുഗോപൻ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും ഗ്രന്ഥാലോകം മാസികയുടെ അസിസ്റ്റന്റ് എഡിറ്ററുമായ എസ്.ആർ ലാൽ എന്നിവരടങ്ങിയ ജൂറിയാണ് വിധിനിർണയം നടത്തിയത്.
ഫെബ്രുവരി 15, 16 തീയതികളിൽ ദുബൈ ഫോക്ലോർ അക്കാദമിയിൽ ഓർമ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ (ഒ.എൽ.എഫ് 2025) സമാപന സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, എഴുത്തുകാരൻ ബെന്യാമിൻ എന്നിവർ പുരസ്കാരം വിജയികൾക്ക് സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

