അക്ഷരമഹോത്സവത്തിന് ആവേശക്കൊടിയിറക്കം
text_fieldsഷാർജ പുസ്തകമേളയിലെത്തിയ ജനക്കൂട്ടം
ഷാർജ: 12 ദിവസമായി ഷാർജയുടെ പകലിരവുകളെ സാംസ്കാരിക സമ്പന്നമാക്കിയ അക്ഷര മഹോത്സവത്തിന് സമാപനം. വാക്കുകൾ പ്രചരിപ്പിക്കുക വഴി വരുംതലമുറയെ എഴുത്തിന്റെ ലോകത്തേക്ക് ആകർഷിക്കുകയും ക്രിയാത്മക ചിന്താഗതികൾ വളർത്തുകയും ചെയ്യുക എന്ന ആഹ്വാനത്തോടെയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 41ാം എഡിഷന് സമാപനം കുറിച്ചത്.
പുസ്തകമേളയിലെ ഗൾഫ് മാധ്യമം സ്റ്റാളിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 'ഗൾഫ് മാധ്യമം' കലണ്ടർ പ്രകാശനം ചെയ്യുന്നു
ആയിരക്കണക്കിന് പുതിയ പുസ്തകങ്ങളുടെ പ്രകാശനത്തിനും പ്രമുഖരുടെ സന്ദർശനത്തിനും അർഥവത്തായ സംവാദങ്ങൾക്കും ലക്ഷക്കണക്കിന് സന്ദർശകരുടെ ഒഴുക്കിനും സാക്ഷ്യംവഹിച്ചാണ് പുസ്തകമേളക്ക് കൊടിയിറങ്ങിയത്. അവസാന ദിനമായ ഞായറാഴ്ച പാകിസ്താൻ പേസ് ബൗളർ ഷുഐബ് അക്തർ, സ്വീഡിഷ് താരം സ്ലാറ്റൻ ഇബ്രാഹിമോവിച് തുടങ്ങിയവർ പുസ്തകമേളയെ സമ്പന്നമാക്കി.
ഇ.എം. അഷ്റഫിന്റെ 'ഗൾഫ് സ്കെച്ചസ്' എഴുത്തുകാരൻ കെ.വി. മോഹൻ കുമാർ ആദ്യ കോപ്പി ഐസക് ജോണിന് നൽകി പ്രകാശനം ചെയ്യുന്നു
കഴിഞ്ഞ ദിവസങ്ങളിലായി ഷാറൂഖ് ഖാൻ, ദീപക് ചോപ്ര, ഗീതാഞ്ജലി ശ്രീ, ഉഷ ഉതുപ്പ്, പീകോ അയ്യർ, കേരളത്തിൽ നിന്ന് നടൻ ജയസൂര്യ, സംവിധായകൻ പ്രജേഷ് സെൻ, സിദ്ദീഖ്, നാദിർഷ, ശബ്ദ സംവിധായകൻ റസൂൽ പൂക്കുട്ടി, എഴുത്തുകാരായ സുനിൽ പി. ഇളയിടം, ടി.ഡി. രാമകൃഷ്ണൻ, കെ.പി. രാമനുണ്ണി, ജോസഫ് അന്നംകുട്ടി ജോസ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, മുരുകൻ കാട്ടാക്കട, രാഷ്ട്രീയ നേതാക്കളായ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.എം. ഹസൻ, എം.കെ. മുനീർ, ടി.എൻ. പ്രതാപൻ, പ്രമോദ് നാരായണൻ എം.എൽ.എ, സജീവ് ജോസഫ് എം.എൽ.എ, ഡോ. ഫസൽ ഗഫൂർ, പി.എം.എ. സലാം, വി.ടി. ബൽറാം, വ്യവസായി എം.എ. യൂസുഫലി, ആസ്റ്റർ ഗ്രൂപ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസ്, മലബാർ ഗ്രൂപ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജർ ഷംലാൽ അഹ്മദ്, ഫാ. ഡേവിസ് ചിറമ്മൽ തുടങ്ങിയവർ പുസ്തകോത്സവ നഗരിയിലെത്തി.
പി.കെ. അനിൽകുമാർ രചിച്ച് കോഴിക്കോട് ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച 'ലഹരികൊണ്ട് മുറിവേറ്റവന്റെ കുമ്പസാരം' എന്ന പുസ്തകം ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് പി.വി. മോഹൻകുമാർ, ആയിഷ സക്കീറിന് നൽകി പ്രകാശനം ചെയ്യുന്നു
മുൻ വർഷങ്ങളെ അപേക്ഷിച്ച് സന്ദർശകരുടെയും പ്രസാധകരുടെയും എണ്ണത്തിൽ വൻ വർധനയാണ് ഇക്കുറി സാക്ഷ്യം വഹിച്ചത്. 2000ത്തോളം പ്രസാധകർ പങ്കെടുത്ത മേള ഏറ്റവും കൂടുതൽ പ്രസാധകർ എത്തിയ പുസ്തകോത്സവം എന്ന റെക്കോഡുമിട്ടു. 15 ലക്ഷത്തോളം പുസ്തകങ്ങളാണ് സന്ദർശകർക്ക് വിരുന്നൊരുക്കിയത്. ഹാൾ നമ്പർ ഏഴിലെ റൈറ്റേഴ്സ് ഫോറം മലയാളികളുടെ ആഘോഷ വേദിയായി മാറി. ഇവിടെ പ്രകാശനം ചെയ്ത പുസ്തകങ്ങളിൽ ഭൂരിപക്ഷവും മലയാളമായിരുന്നു. 500ഓളം മലയാള പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
'സീതി സാഹിബ് കരുത്തനായ കർമയോഗി' ബാലസാഹിത്യ കൃതിയുടെ പ്രകാശനം ഷാർജ പുസ്തക മേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ എഴുത്തുകാരൻ ഹാറൂൺ കക്കാട് ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല സെക്രട്ടറി സക്കീർ പാലത്തിങ്ങലിന് നൽകി പ്രകാശനം ചെയ്യുന്നു
1047 പരിപാടികളാണ് ആകെ നടന്നത്. 57 രാജ്യങ്ങളിലെ അതിഥികൾ പങ്കെടുത്തു. ഏറ്റവും കൂടുതൽ ആളുകളെത്തിയത് ഷാറൂഖ് ഖാനെ കാണാനായിരുന്നു. ഷാർജ എക്സ്പോ സെന്ററിനുള്ളിലേക്ക് കയറാൻ കഴിയാത്ത വിധമുള്ള തിരക്കായിരുന്നു ഷാറൂഖ് വന്ന ദിനം അനുഭവപ്പെട്ടത്. പ്രവൃത്തി ദിനങ്ങളിൽ സ്കൂളുകളിൽനിന്ന് നേരിട്ട് കുട്ടികളെ എത്തിച്ചിരുന്നു. കുട്ടികൾക്കായി 623 പരിപാടികൾ അരങ്ങേറി.
ഇസ്കോൺ സ്ഥാപകൻ ശ്രീല പ്രഭുപാദരുടെ ജീവിതത്തെ ആസ്പദമാക്കി കെ.വി. മോഹൻകുമാർ എഴുതിയ 'മഹായോഗി' ദാർശനിക നോവൽ മാധ്യമപ്രവർത്തകൻ ഐസക്ക്ജോണിനും എസ്.ഐ.ബി.എഫ് എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് പി.വി. മോഹൻകുമാറിനും നൽകി സാഹിത്യകാരൻ സി. രാധാകൃഷ്ണൻ പ്രകാശനം ചെയ്യുന്നു
സുബൈദ കൊമ്പിൽ രചിച്ച 'ചോരചീന്ത്' കവിത സമാഹാരത്തിന്റെ പ്രകാശനം ഇറ്റാലിയൻ എഴുത്തുകാരിയും വിവർത്തകയും ഫിലോസഫറുമായ സബ്രീന ലേ ബഷീർ ഉളിയിലിന് നൽകി പ്രകാശനം ചെയ്യുന്നു
അന്തരിച്ച വ്യവസായി അറ്റ്ലസ് രാമചന്ദ്രനെ കുറിച്ച് എഴുത്തുകാരനും പ്രഭാഷകനുമായ ബഷീർ തിക്കോടി എഡിറ്റ് ചെയ്ത 'ജനകോടികളുടെ രാമചന്ദ്രൻ' അഭിനേതാവും ചിത്രകാരനുമായ കോട്ടയം നസീർ യൂനുസ് തണലിന് നൽകി പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

