യു.കെയിൽ മരിച്ച മലയാളി യുവാവിന്‍റെ മൃതദേഹം ഷാർജയിൽ സംസ്കരിച്ചു
text_fieldsജെഫേഴ്സൺ ജസ്റ്റിൻ
ദുബൈ: യു.കെയിൽ ബൈക്കപകടത്തിൽ മരിച്ച മലയാളി യുവാവിന്‍റെ മൃതദേഹം ഷാർജയിൽ സംസ്കരിച്ചു. തിരുവനന്തപുരം വെട്ടുകാട് സ്വദേശി ജസ്റ്റിൻ പെരേരയുടെ മകൻ ജെഫേഴ്സൺ ജസ്റ്റിൻ (27) ന്‍റെ സംസ്കാരമാണ് വ്യാഴാഴ്ച ഷാർജയിലെ ജുവൈസയിലെ ശ്മശാനത്തിൽ നടത്തിയത്. മൃതദേഹം യു.കെയിൽ നിന്ന് നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം ഷാർജയിലെത്തിച്ചിരുന്നു. 35 വർഷമായി ഷാർജയിൽ പ്രവാസികളാണ് യുവാവിന്‍റെ കുടുംബം. യു.കെയിലെ ലീഡ്സിൽ എ647 കനാൽ സ്ട്രീറ്റിലെ റെയിൽവെ ഓവർ ബ്രിഡ്ജിന് താഴെ നടന്ന ബൈക്കപകടത്തിലായിരുന്നു ജെഫേഴ്സൺ ജസ്റ്റിന്‍റെ മരണം.
വളവിൽ ബൈക്ക് സ്കിഡ് ചെയ്തതിനെ തുടർന്ന് മതിലിൽ ഇടിക്കുകയായിരുന്നു. പഠന ശേഷം ലീഡ്സിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു. ജെഫേഴ്സന്റെ ലൈസൻസിൽ നിന്നും ലഭിച്ച വിലാസം അനുസരിച്ച് യു.കെ പൊലീസ് താമസ സ്ഥലത്ത് എത്തി വിവരം അറിയിച്ചതിനെ തുടർന്നാണ് അപകട വിവരം യു.കെ മലയാളികളും യു.എ.ഇയിലുള്ള മാതാപിതാക്കളും അറിയുന്നത്. രണ്ട് സഹോദരങ്ങൾ ഉണ്ട്. ഇതിൽ ഒരാൾ ബംഗളൂരുവിൽ വിദ്യാർഥിയാണ്. ഷാർജ എമിറേറ്റ് നാഷനൽ സ്കൂളിലായിരുന്നു ജെഫേഴ്സൺ ജസ്റ്റിൻ പഠിച്ചിരുന്നത്. കേരളത്തിൽ നിന്ന് ബിരുദ പഠന ശേഷമാണ് ഗ്രാഫിക് ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി യു.കെയിലേക്ക് പോയത്. സംസ്കാര ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

