പുത്തൻ ജലയാനങ്ങളുടെ കാഴ്ചകളൊരുക്കി ബോട്ട്ഷോ
text_fieldsദുബൈ അന്താരാഷ്ട്ര ബോട്ട്ഷോയിൽ പ്രദർശിപ്പിച്ച യോട്ടുകൾ
ദുബൈ: സമുദ്ര ഗതാഗത രംഗത്തെ ആഡംബരങ്ങളുടെ അവസാന വാക്കായ സൂപ്പർ ജലയാനങ്ങളുടെ പ്രദർശനമൊരുക്കി ദുബൈ അന്താരാഷ്ട്ര ബോട്ട്ഷോ പുരോഗമിക്കുന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലുതും വ്യവസ്ഥാപിതവുമായ പ്രദർശനം ദുബൈ വേൾഡ് ട്രേഡ് സെന്‍ററാണ് സംഘടിപ്പിക്കുന്നത്. ദുബൈ ഹാർബറിൽ നടക്കുന്ന 31ാമത് ബോട്ട് ഷോയുടെ ഉദ്ഘാടനം ദുബൈ രണ്ടാം ഉപഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് നിർവഹിച്ചത്. ഇത്തവണ പ്രദർശനത്തിൽ 60 രാജ്യങ്ങളിൽ നിന്നുള്ള 1,000-ത്തിലധികം പ്രദർശന ബ്രാൻഡുകൾ എത്തിയിട്ടുണ്ട്. ഇതിൽ 200ലധികം അത്യാധുനിക യോട്ടുകളും വാട്ടർക്രാഫ്റ്റുകളും ഉൾപ്പെടും.
ബോട്ട്ഷോയുടെ വിജയത്തെ അഭിനന്ദിച്ച ശൈഖ് അഹമ്മദ്, ഒരു മികച്ച ആഗോള ടൂറിസം കേന്ദ്രമായും സമുദ്ര ടൂറിസത്തിനുള്ള മുൻനിര അന്താരാഷ്ട്ര കേന്ദ്രമായും ദുബൈയെ മാറ്റാനുള്ള കാഴ്ചപ്പാടിനെ വിജയം പ്രതിഫലിപ്പിക്കുന്നുവെന്ന് പറഞ്ഞു. സമുദ്ര ഗതാഗത മേഖലയെ സഹായിക്കുന്നതിനും സന്ദർശകർക്ക് സുഗമമായ അനുഭവം ഉറപ്പാക്കുന്നതിനും ആവശ്യമായ മുഴുവൻ സേവനങ്ങളും സൗകര്യങ്ങളും ഉൾക്കൊള്ളുന്ന അത്യാധുനിക തുറമുഖങ്ങളും മറീനകളും ദുബൈ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിർമ്മാതാക്കൾ, വ്യാപാരികൾ, ബോട്ട് ഉടമകൾ എന്നിവരുൾപ്പെടെ സമുദ്ര ഗതഗാത വ്യവസായ മേഖലയിലെ എല്ലാവർക്കും ദുബൈ പ്രധാന ലക്ഷ്യസ്ഥാനമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1992ൽ ആരംഭിച്ച ബോട്ട്ഷോ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ വലുപ്പത്തിലും പങ്കാളിത്തത്തിലും ലോകത്തിലെ ഏറ്റവും വലിയ ഈ മേഖലയിലെ പ്രദർശനങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ഫെബ്രുവരി 23 വരെയാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മേള സന്ദർശിച്ചിരുന്നു.
ബോട്ട്ഷോക്ക് മുന്നോടിയായി ആഡംബര ബോട്ട് ഉടമകള്‍ക്ക് ദുബൈ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡന്റ്സി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് (ജി.ഡി.ആര്‍.എഫ്.എ) അധികൃതരാണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ ഡിസംബറില്‍ അബൂദബിയിലെ ആഡംബര ബോട്ട് ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

