ഖാലിദ് തടാകത്തില്‍ ബോട്ടുകളുടെ പടയോട്ടം തുടങ്ങി
text_fieldsഷാര്‍ജ: വെള്ളിയാഴ്ച അവധി എങ്ങനെ ആഘോഷിക്കുമെന്ന് ഓർത്തിരിക്കുകയാണോ, എങ്കിൽ ഷാര്‍ജ അല്‍ മജാസിലെ ബുഹൈറ കോര്‍ണിഷിലേക്ക് പോയാല്‍ മതി. ഫോര്‍മുല വണ്‍ അവതരിപ്പിക്കുന്ന പവര്‍ ബോട്ടുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പടയോട്ടം ആവോളം ആസ്വദിക്കാം. 20 വരെ നീളുന്ന പടയോട്ടത്തിന് വ്യാഴാഴ്ചയാണ് ഒൗദ്യോഗിക തുടക്കമായത്. ബുധനാഴ്ച പരിശീലന ഓട്ടം തുടങ്ങിയിരുന്നു. ഖാലിദ് തടാകത്തില്‍ കൂറ്റന്‍ ഓളങ്ങള്‍ തീര്‍ത്താണ് ബോട്ടുകള്‍ ചീറി പായുന്നത്. ഒന്‍പത് ടീമുകളാണ് മത്സരത്തിലുള്ളത്. അന്താരാഷ്ട്ര പ്രശസ്തരായ 20 ഡ്രൈവര്‍മാരാണ് ഷാര്‍ജയില്‍ എത്തിയിരിക്കുന്നത്. അബൂദബി, വിക്ടറി ടീമുകളെ പ്രതിനിധികരിച്ച് സ്വദേശി ഡ്രൈവര്‍മാരും രംഗത്തുണ്ട്.
അന്താരാഷ്ട്ര പ്രശസ്തരായ കളിയെഴുത്തുകാരും അത്യാധുനിക കാമറകളുമാണ് മത്സരം പകര്‍ത്താനെത്തിയിരിക്കുന്നത്. ബുഹൈറ കോര്‍ണീഷില്‍ തീര്‍ത്ത ഗാലറിയിലിരുന്നും ഖാലിദ് തടാക കരയില്‍ നിന്നും മത്സരങ്ങള്‍ കാണാം. ഓരോ മത്സരങ്ങള്‍ക്കുമുള്ള ബോട്ടുകള്‍ കൂറ്റന്‍ െക്രയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതും മത്സരങ്ങള്‍ക്ക് ശേഷം തീരത്തേക്ക് എടുത്ത് വെക്കുന്നതും നല്ല കാഴ്ച്ച തന്നെ. അല്‍ നൂര്‍ മസ്ജിദ്, സംഗീത ജലധാര, ആംഫി തിയറ്റര്‍, അല്‍ നൂര്‍ ദ്വീപ് എന്നിവയുടെ പശ്ചാതലത്തിലൂടെ ബോട്ടുകള്‍ ചീറി പായുന്നത് എന്താനന്ദമാണെന്നോ കണ്ടിരിക്കാന്‍. ഒരാള്‍ നിയന്ത്രിക്കുന്ന ബോട്ടും രണ്ടാള്‍ നിയന്ത്രിക്കുന്ന ബോട്ടും രംഗത്തുണ്ട്. കോക്പിറ്റിലെ സാഹസിക നിമിഷങ്ങള്‍ കാമറകള്‍ പറഞ്ഞ് തരും.
മത്സരവുമായി ബന്ധപ്പെട്ട് ബുഹൈറ കോര്‍ണിഷിലെ അല്‍ ഫര്‍ദാന്‍ സെൻറര്‍ കഴിഞ്ഞ് കിട്ടുന്ന ഭാഗങ്ങളിലെ പാര്‍ക്കിങും ഒരു വരി പാതയും അടച്ചിട്ടുണ്ട്. അത് കൊണ്ട് വാഹനങ്ങളുമായി വരുന്നവര്‍ മറ്റിടങ്ങളില്‍ വാഹനം നിറുത്തുന്നതാണ് ഉത്തമം. ബോട്ടോട്ടം കഴിഞ്ഞാല്‍ ഖാലിദ് തടാകത്തിലെ സംഗീത ജലധാരയും ആസ്വദിക്കാം. കസബ കനാലിലൂടെ നീങ്ങുന്ന ഉല്ലാസ നൗകകള്‍ കാണാം. പെഡല്‍ ബോട്ട് തുഴയാം. സമയം ബാക്കിയുണ്ടെങ്കില്‍ തൊട്ടടുത്തുള്ള സിറ്റിസെൻററിലേക്കോ, ജുബൈല്‍ മാര്‍ക്കറ്റിലേക്കോ പോകാം.