ബോട്ടുജെട്ടികൾ വാടകക്ക്; സ്വകാര്യ വ്യക്തികൾക്കും ഉപയോഗിക്കാം
text_fieldsദുബൈ: സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഹ്രസ്വകാലത്തേക്ക് ബോട്ടുജെട്ടികൾ വാടകക്ക് നൽകുന്ന പദ്ധതി ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) തുടങ്ങി. സ്വകാര്യ യാനങ്ങൾക്കും ക്രൂയിസ് ബോട്ടുകൾക്കുമായാണ് സൗകര്യമൊരുക്കുന്നത്. മറൈൻ ആസ്തികൾ മറ്റുള്ളവർക്കുകൂടി ഉപകാരപ്പെടുന്ന രീതിയിലേക്ക് മാറ്റുന്നതിനും ഇതുവഴി കൂടുതൽ വരുമാനമുണ്ടാക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.
ഇതുവഴി മറൈൻ ടൂറിസം പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്ന് ആർ.ടി.എ സി.ഇ.ഒ അഹ്മദ് ബഹ്റോസ്യാൻ പറഞ്ഞു. ദുബൈയിലെ 28 ബെർത്തുകളിൽ സേവനം ലഭ്യമാകും. 30 മിനിറ്റ്, ഒരു മണിക്കൂർ, ഒരു ദിവസം (രാവിലെ ആറ് മുതൽ രാത്രി 11 വരെ) എന്നിങ്ങനെയാണ് സമയം നൽകിയിരിക്കുന്നത്. രാത്രിയിൽ സേവനം ലഭ്യമായിരിക്കില്ല. അപേക്ഷകർ rent.jetty@rta.ae എന്ന ഇ-മെയിൽ വഴി അപേക്ഷ സമർപ്പിക്കണം.

