അൽഐനിലെ ബ്ലൂബെറി കൃഷി
text_fieldsയു.എ.ഇയിലെ ഏറ്റവും ഹരിതാഭമായ പ്രദേശങ്ങളിലൊന്നാണ് അൽഐൻ. ചൂടും തണുപ്പുമെല്ലാം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്ന സ്ഥലമാണിത്. അതുകൊണ്ട് തന്നെ, ഭൂപ്രകൃതിയിൽ യു.എ.ഇയിലെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമാണ് അൽഐൻ. മറ്റ് സ്ഥലങ്ങളിലൊന്നും വിളയാത്ത പലതും അൽഐനിൽ വിളയും. അത്തരത്തിലൊന്നാണ് ബ്ലൂ ബെറി. രാജ്യത്ത് ബ്ലൂ ബെറി വ്യാപകമായി കൃഷി ചെയ്യുന്ന ഒരേയൊരു ഇടമാണ് ദുബൈ -അൽഐൻ റോഡിലെ അൽ ഫോഹ് ഫാം. ഇവിടെ രുചികരവും വൈവിധ്യമാർന്നതുമായ ബ്ലൂബെറികൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു. റാസ്ബെറി, ബ്ലാക്ക്ബെറി, സ്ട്രോബെറി എന്നിവയുൾപ്പെടെ പ്രകൃതിയിലെ ഏറ്റവും മികച്ച സൂപ്പർഫുഡുകളുടെ പ്രാദേശിക ഉൽപാദനമാണ് ഇവിടെ നടക്കുന്നത്. എലൈറ്റ് അഗ്രോ ഹോൾഡിംഗിന്റെ ഉടമസ്ഥതയിലാണ് ഈ തോട്ടം പ്രവർത്തിക്കുന്നത്. രാജ്യത്ത് ബ്ലൂബെറി വ്യാപകമായി വളരുന്ന ഒരേയൊരു പ്രദേശം എന്ന പദവിയും ഇതിനുണ്ട്. യു.എ.ഇയിലെ ഏറ്റവും കൂടുതൽ ബ്ലൂബെറി കർഷകരും ഇവിടെയാണ്. മിഡിൽ ഈസ്റ്റിൽ ഇത്തരത്തിലുള്ള ബെറികൾ വളർത്താൻ അനുവദമുള്ള ഫാം ഉടമസ്ഥരാണ് ഇവർ.
യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്ത ബംബിൾ തേനീച്ചകൾ അൽ ഐനിലെ അൽ ഫോഹ് ഫാമിലെ ആയിരക്കണക്കിന് ബെറി ചെടികളിൽ പരാഗണം നടത്തുന്നു. ഒരു ഹെക്ടറിൽ ഏകദേശം 1,500 തേനീച്ചകൾ നടീലിനും വിളവെടുപ്പിനുമിടയിൽ പരാഗണം നടത്തുന്നുണ്ട്. ഓരോ ചെടിയിലും ഏകദേശം 1,600 പൂക്കൾ ഉണ്ട്. ബെറിചെടിയിലെ ഓരോ പൂവിലും ഒരു സീസണിൽ 18-23 തവണ ഒരു തേനീച്ച സന്ദർശിക്കേണ്ടതുണ്ട്. എന്നാലേ ശരിയായ വിളവെടുപ്പ് സാധ്യമാകൂ.
എലൈറ്റ് അഗ്രോ ചീഫ് എക്സിക്യൂട്ടീവ് ഇയാൻ സമ്മർഫീൽഡിന്റെ വാക്കുകൾ കേൾക്കാം-'ബെറികൾ കൗതുകകരമാണ്. സമീപ വർഷങ്ങളിൽ ഉപഭോക്താക്കൾക്കിടയിൽ ഇത് വളരെ ജനപ്രിയമാകും'. ബെറികൾ വിളവെടുപ്പിന് ശേഷം കൂൾ സ്റ്റോറേജിലേക്ക് കൊണ്ടുപോകാൻ രണ്ട് മണിക്കൂറിൽ താഴെ സമയമാണെടുക്കുന്നത്. അവയിൽ ചെടിയിൽ നിന്ന് വിളവെടുപ്പ് നടത്തുന്നവരും ഉപഭോക്താക്കളും മാത്രമേ സ്പർശിക്കുകയുള്ളൂ. കൂടാതെ എല്ലാ ഉൽപ്പന്നങ്ങളും ഫ്രഷ് ആയി നിലനിർത്താൻ രണ്ട് ഡിഗ്രി സെൽഷ്യസ് താപനില ക്രമീകരിക്കുകയും ചെയ്യുന്നു.
ശാസ്ത്രീയവും ആധുനികവുമായ രീതിയിലാണ് ഇവിടെ ബെറികൾ കൃഷിചെയ്യുന്നത്. ജലത്തെ അടിസ്ഥാനമാക്കിയുള്ള ശീതീകരണ സംവിധാനങ്ങൾ ഘടിപ്പിച്ചിരിക്കുന്ന വലിയ ഹരിതഗൃഹങ്ങളിൽ ആയിരക്കണക്കിന് ബെറി ചെടികളാണ് ഇവിടെയുള്ളത്. അവ നിശ്ചിത സീസണിലുടനീളം പൂക്കുകയും ഫലം തരുകയും ചെയ്യുന്നു. ബ്ലൂബെറി സാധാരണയായി ജനുവരി മുതൽ മെയ് വരെയും റാസ്ബെറി, ബ്ലാക്ക്ബെറി എന്നിവ ഒക്ടോബർ മുതൽ ഏപ്രിൽ വരെയുമാണ് വിളവെടുക്കുന്നത്. ബ്ലൂബെറി ഉൽപാദനത്തിന് 20 ഹരിതഗൃഹങ്ങളിലായി മൊത്തം 12 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്നു. ഒരു ഹെക്ടറിൽ ശരാശരി 5,400 ബ്ലൂബെറി ചെടികളുണ്ട്. റാസ്ബെറി, ബ്ലാക്ക്ബെറി എന്നിവയുടെ ഉൽപ്പാദനം യഥാക്രമം 1.8 ഹെക്ടറും 1.2 ഹെക്ടറും വ്യാപിച്ചുകിടക്കുന്നു.
തൈകൾ നട്ടുപിടിപ്പിക്കുന്നത് ചകിരി ചോറും പ്രകൃതിദത്ത ധാതുവായ പെർലൈറ്റും ചേർത്താണ്. വെള്ളവും വളവും സംയോജിപ്പിച്ച് വിതരണം ചെയ്യുന്ന ഡ്രിപ്പ് സംവിധാനം ഓരോ ചെടിക്കും ഉപയോഗിക്കുന്നു. ചൂടുള്ള സമയത്ത് പ്രതിദിനം 3.5 ലിറ്റർ വെള്ളവും തണുപ്പുള്ള ശൈത്യകാലത്ത് ഒരു ലിറ്ററും മാത്രമേ ഇതിന് ലഭിക്കൂ. ഡാസിൽ, യുറേക്ക, യുറേക്ക സൺറൈസ്, ഫസ്റ്റ് ബ്ലഷ് എന്നിങ്ങനെ നാല് പ്രീമിയം ഇനം ബ്ലൂബെറികളാണ് ഫാമിലുള്ളത്. ഓസ്ട്രേലിയയിലെ മൗണ്ടൻ ബ്ലൂ ഓർച്ചാർഡ് എന്ന നഴ്സറിയിൽ നിന്നാണ് ചെടികൾ ഇവിടേക്ക് കൊണ്ടുവന്നത്. ഇവിടുത്തെ കാലാവസ്ഥയെ നേരിടാൻ കഴിയുന്ന ബെറികളാണ് ഇവ. എപ്പോഴും മികച്ച രുചി നൽകുന്നുവയാണ് ഈ ഇനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

