അക്ഷരങ്ങളിൽ പ്രകാശിതമായി ‘പൊടി പൊടിച്ച ജീവിതം’; എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ പകർത്തിയെഴുതിയത് മകൻ ഫസലുറഹ്മാൻ
text_fieldsദുബൈ: അതിരുകളില്ലാത്ത കഠിനാധ്വാനത്തിൽ കൊരുത്ത വിജയകഥയുടെ അക്ഷരക്കൂട്ടൊരുക്കി ‘പൊടി പൊടിച്ച ജീവിതം’ പ്രകാശിതമായി. തലമുറകൾക്കാകെ പ്രചോദനം പകരുന്നൊരു പ്രയാണത്തിന്‍റെ കഥ ലോകത്തിനുമുമ്പാകെ തുറന്നുവെച്ചാണ് എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ വായനക്കാരിലെത്തിയത്. എടപ്പാളിലെ സാധാരണ കർഷക കുടുംബത്തിൽനിന്ന് ഗൾഫിൽ കുടിയേറി, പൊള്ളുന്ന ജീവിതയാഥാർഥ്യങ്ങളിൽ തളരാതെ സ്ഥിരോത്സാഹിയായി മുന്നേറിയ മൊയ്തുണ്ണി ബാവ ‘ആർ.എഫ് കൈമ്പൻ-നെല്ലറ’ ഗ്രൂപ്പിന്‍റെ അമരക്കാരനായി വളർന്ന കഥയാണ് ‘പൊടി പൊടിച്ച ജീവിതം’. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് ദുബൈ ദേരയിലെ ഹയാത്ത് റീജൻസി ഗലേറിയയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത സംവിധായകൻ ലാൽജോസ് പ്രകാശനം നിർവഹിച്ചു.
മില്ലുബാവയെന്ന എം.കെ. മൊയ്തുണ്ണി ബാവയുടെ സംഭവ ബഹുലമായ ജീവിതത്തെ മകനും ആർ.എഫ് കൈമ്പൻ ഡയറക്ടറും സി.ഇ.ഒയുമായ എം.കെ. ഫസലുറഹ്മാനാണ് പുസ്തകത്താളുകളിലേക്ക് പകർത്തിയെഴുതിയത്. മാധ്യമം ബുക്സാണ് പ്രസാധകർ. മലയാളത്തിന് നിറമുള്ള ഒരുപാടുകഥകൾ പറഞ്ഞുതന്ന തിരക്കഥാകൃത്തും പ്രവാസിയുമായ ഇഖ്ബാൽ കുറ്റിപ്പുറത്തിന്‍റെ അവതാരികയോടെയാണ് പുസ്തകം പുറത്തിറങ്ങിയത്.
ഒരു വ്യക്തിയെക്കുറിച്ച് പുസ്തകമുണ്ടാവുന്നത് ആ വ്യക്തിയോട് അത്രയും ആദരവും സ്നേഹവുമുള്ള ഒരുപാടാളുകൾ അദ്ദേഹത്തിന്‍റെ ചുറ്റും ഉണ്ടാകുമ്പോഴാണെന്ന് ലാൽജോസ് ചൂണ്ടിക്കാട്ടി. ‘ബാവക്കയെക്കുറിച്ച് പുസ്തകമെഴുതിയത് അദ്ദേഹത്തിന്‍റെ മകൻ തന്നെയാണ്. ഒരു മനുഷ്യനെ ഞാൻ ഭാഗ്യവാനെന്ന് വിളിക്കുന്നത് അദ്ദേഹത്തിന്‍റെ പാരമ്പര്യം തുടർന്നുകൊണ്ടുപോകാൻ കഴിയുന്ന മക്കളുള്ളപ്പോഴാണ്’ -ലാൽജോസ് പറഞ്ഞു.
ആർ.എഫ് കൈമ്പൻ മാനേജിങ് ഡയറക്ടർ ശംസുദ്ദീൻ കരിമ്പനക്കൽ ആമുഖ ഭാഷണം നടത്തി. ആർ.എഫ് കൈമ്പൻ ഡയറക്ടർ ആൻഡ് സി.ഇ.ഒ എം.കെ. ഫസലുർഹ്മാൻ, ആർ.എഫ് കൈമ്പൻ എക്സിക്യുട്ടിവ് ഡയറക്ടർ പി.കെ അബ്ദുല്ല എന്നിവർ സംസാരിച്ചു. ഒരുപാട് സ്വപ്നങ്ങളുമായി അറേബ്യൻ മണ്ണിൽ വിമാനമിറങ്ങിയ മൊയ്തുണ്ണി ബാവ നേരിടേണ്ടിവന്ന വെല്ലുവിളികളും പ്രതിസന്ധികളുമെല്ലാം ‘പൊടി പൊടിച്ച ജീവിതം’ അനാവരണം ചെയ്യുന്നു. കൊടുംചൂടിൽ ഒട്ടകങ്ങളെ മേച്ചുനടന്ന നാളുകൾ, ലേബർ ക്യാമ്പിൽ വെന്തുരുകിയ ദിനങ്ങൾ, ദേരയിലെ ഫിഷ് മാർക്കറ്റിൽ മത്സ്യക്കുട്ടകൾ ചുമന്ന തണുത്തുറഞ്ഞ രാത്രികൾ, ഒളിവുജീവിതത്തിന്‍റെ നെഞ്ചിടിപ്പുകൾ.. ഒടുവിൽ, നാഇഫ് ജയിലിന്‍റെ ഇരുമ്പഴിക്കുള്ളിലെ ജീവിതവും. അതീഖ് അബ്ദുല്ല അൽ റുഹൂമി എന്ന മനുഷ്യസ്നേഹിയുടെ കരുണയിൽ തടവറയിൽനിന്ന് പുറത്തുകടന്ന മൊയ്തുണ്ണി ബാവ പിന്നീട് വെട്ടിപ്പിടിച്ച ജീവിത വിജയത്തിന്‍റെ പകിട്ടാണ് ‘പൊടി പൊടിച്ച ജീവിതം’ തലമുറകളിലേക്ക് പകർന്നുനൽകുന്ന വലിയ സന്ദേശം. കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ഏതു വെയിലിലും വാടാതെ ജീവിതം കരുപ്പിടിപ്പിക്കാമെന്ന മഹത്തായ പാഠവും പ്രചോദനവും പുസ്തകം പകർന്നുനൽകുന്നു.
ചെറിയൊരു മില്ലിലെ ഒറ്റയാൾ പട്ടാളമായി തുടങ്ങി, വലിയ വ്യവസായ സംരംഭകനായി മാറിയ മൊയ്തുണ്ണി ബാവയുടെ കഥ അധ്വാനശീലർക്ക് സമ്മാനിക്കുന്നത് ഉയരങ്ങളേറാനുള്ള ഊർജമാണ്. ‘നെല്ലറ’ എന്ന മഹാപ്രസ്ഥാനമായി പടർന്നുപന്തലിച്ച ആ ജീവിതം വിജയത്തിലേക്ക് ‘പൊടി പൊടിച്ചു’ മുന്നേറിയ കഥ വരും തലമുറകൾക്കു കൂടി അനുഭവ പാഠങ്ങളും ദിശാബോധവും പകർന്നു നൽകും. അതീഖ് അബ്ദുല്ല അൽ റുഹൂമിയുടെ മകൻ മുഹമ്മദ് അതീഖ് അബ്ദുല്ല അൽ റുഹൂമിയുടെ സാന്നിധ്യം പ്രകാശന ചടങ്ങിനെ ശ്രദ്ധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

