ഉഭയകക്ഷി വ്യാപാരം: ഇന്ത്യ-യു.എ.ഇ ബിസിനസ് കൗൺസിൽ സ്ഥാപിച്ചു
text_fieldsഇന്ത്യ-യു.എ.ഇ ബിസിനസ് കൗൺസിലിന്റെ യു.എ.ഇ ചാപ്റ്റർ ലോഞ്ചിങ് ചടങ്ങ്
ദുബൈ: ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഇന്ത്യ-യു.എ.ഇ ബിസിനസ് കൗൺസിലിന്റെ യു.എ.ഇ ചാപ്റ്റർ സ്ഥാപിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സെപ) ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് യു.എ.ഇ ചാപ്റ്റർ സ്ഥാപിച്ചത്.
യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സയൂദി, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി തുടങ്ങിയവർ പങ്കെടുത്തു.
കെഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കോട്ടിക്കോളനാണ് കൗൺസിലിന്റെ ചെയർമാൻ. അബൂദബിയിലായിരിക്കും ഓഫിസ്. നിശ്ചിത മാനദണ്ഡങ്ങളോടെയായിരിക്കും അംഗത്വം സ്വീകരിക്കുക. 2015ൽ കൗൺസിലിന്റെ ഇന്ത്യൻ ചാപ്റ്റർ രൂപവത്കരിച്ചിരുന്നു.
സെപ കരാറിന് ശേഷം ഉഭയകക്ഷി വ്യാപാരം വർധിച്ചതിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇ ചാപ്റ്റർ രൂപവത്കരിച്ചത്. ഇരു രാജ്യങ്ങളിലെയും വ്യാപാര ഇടനാഴി തുറക്കാനും സജീവമാക്കാനും കൂടുതൽ നിക്ഷേപമെത്തിക്കാനും കൗൺസിൽ ഉപകരിക്കുമെന്ന് അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
വ്യാപാര മേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനെ കുറിച്ച് കൗൺസിലിന്റെ നേതൃത്വത്തിൽ തുടർ ചർച്ചകൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിനസിന്റെ അടിത്തറ വിശ്വാസ്യതയിലാണെന്നും ഇത് വളർത്തിയെടുക്കുക എന്നതാണ് കൗൺസിലിന്റെ പ്രഥമ ലക്ഷ്യമെന്നും ഫൈസൽ കോട്ടിക്കോളൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

