ദുരിതപര്‍വം താണ്ടി ആറു വര്‍ഷത്തിനുശേഷം ബിലാസ് കുമാര്‍ നാടണഞ്ഞു
text_fieldsഹംപാസ് പ്രവര്ത്തകന് മുഹമ്മദ് ഹുസൈന്, ആശുപത്രി ജീവനക്കാരന് നൗഷാദ്, ഒഡിഷ
അസോസിയേഷനിലെ ബന്നു എന്നിവര്‍ക്കൊപ്പം ബിലാസ് കുമാര്‍ സേനാധിപതി (വലത്തേയറ്റം)
അബൂദബി: തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ബോധരഹിതനായിട്ടാണ് ഇക്കഴിഞ്ഞ ജനുവരി 27ന് റോഡരികില്‍നിന്ന് അബൂദബി പൊലീസ് ബിലാസ് കുമാര്‍ സേനാധിപതിയെ കണ്ടെത്തിയത്. ഉടന്‍ അബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്കി. ആരോഗ്യം വീണ്ടെടുത്ത ബിലാസിന്റെ കൈവശം ആകെയുണ്ടായിരുന്നത് പാസ്പോര്‍ട്ടിന്റെ ആദ്യ പേജ് മാത്രം.
ഒന്നരമാസം മുമ്പ് ഹംപാസിന്റെ പ്രവര്‍ത്തകനായ മുഹമ്മദ് ഹുസൈനും സുഹൃത്തുക്കളും ആശുപത്രി സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ ഒഡിഷ സ്വദേശിയായ ബിലാസ് കുമാറിനെക്കുറിച്ചും അറിഞ്ഞു. പാസ്പോര്‍ട്ടിലെ വിവരം വെച്ച് എമിഗ്രേഷനില്‍ അന്വേഷിച്ചപ്പോള്‍ സ്പോണ്‍സറെ ബന്ധപ്പെടാനുള്ള അഡ്രസ് ലഭിച്ചു. അഞ്ചുവര്‍ഷം മുമ്പ് തന്റെ അരികില്‍നിന്നു പോയ ബിലാസിനെതിരെ പൊലീസില്‍ പരാതിപ്പെട്ട് വിവരങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു സ്പോണ്സര്.
അഞ്ചുവര്‍ഷമായി വിസ പുതുക്കാത്തതിനാല്‍ 1.4 ലക്ഷത്തോളം പിഴ ഒടുക്കണം. തുടര്‍ന്ന് ഹംപാസ് പ്രവര്‍ത്തകര്‍ ഒഡിഷ അസോസിയേഷന് ഭാരവാഹികളെ ബന്ധപ്പെട്ടു. ആറുവര്‍ഷം മുമ്പ് നാടുവിട്ട് യു.എ.ഇയിലെത്തിയെന്ന് ബിലാസിന്റെ വീട്ടുകാര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് ഒഡിഷ അസോസിയേഷനും അന്വേഷണം നടത്തി വരുകയായിരുന്നു.
ഒരു മാസത്തിലധികം എടുത്താണ് ബിലാസിന് നാടണയാനുള്ള രേഖകള്‍ തയാറാക്കിയത്. എംബസി ഉദ്യോഗസ്ഥയായ ഗായത്രിയും മറ്റു ജീവനക്കാരും ആവശ്യമായ നടപടികള്‍ സ്വീകരിച്ച് പിഴ ഒഴിവാക്കാന്‍ സാഹചര്യമുണ്ടാക്കി. ഔട്ട്പാസ് കിട്ടിയതോടെ എംബസി നാട്ടിലേക്കുള്ള വിമാന ടിക്കറ്റും നല്കി. ബിലാസിനെ ഒറ്റക്ക് നാട്ടിലേക്കു വിടാനുള്ള സാഹചര്യമില്ലാത്തതിനാല്‍ ഒഡിഷ അസോസിയേഷന് തന്നെ ടിക്കറ്റ് എടുത്ത് തങ്ങളുടെ പ്രവര്‍ത്തകനായ ബന്നുവിനൊപ്പം കഴിഞ്ഞദിവസം നാട്ടിലേക്ക് അയക്കുകയായിരുന്നു.
ആറു വര്‍ഷത്തിനുശേഷം ഭുവനേശ്വര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ബിലാസ് കുമാറിനെ കുടുംബം എത്തി സ്വീകരിച്ചു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, ഹംപാസ് പ്രവര്ത്തകന് മുഹമ്മദ് ഹുസൈന്, ശൈഖ് ശഖ്ബൂത്ത് ആശുപത്രി ജീവനക്കാരന് നൗഷാദ്, ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവരുടെ മാസങ്ങള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് ബിലാസിനെ നാട്ടിലേക്ക് അയക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

