ഷാർജയിൽ ഇടതുലൈനിൽ ബൈക്കുകൾക്ക് വിലക്ക്
text_fieldsഷാർജ: ദുബൈക്ക് പിന്നാലെ ഷാർജ എമിറേറ്റിലെ റോഡുകളിലും ഇടതുലൈനിൽ ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തി. നാലുവരി പാതകളിൽ ഡെലിവറി റൈഡർമാർ ഉൾപ്പെടെ ഇരുചക്രവാഹനങ്ങൾ വലതുവശത്തെ മൂന്നാമത്തേതോ നാലാമത്തേതോ ലൈനുകൾ ഉപയോഗിക്കണം. മൂന്നുവരി പാതകളിൽ ട്രാഫിക് നിർദേശങ്ങൾ അനുസരിച്ച് വലതുലൈനുകൾ മാത്രം ഉപയോഗിക്കണമെന്നും ഷാർജ പൊലീസ് അറിയിച്ചു. ബസുകൾ ഉൾപ്പെടെ ഹെവി വാഹനങ്ങൾക്ക് വലതുവശത്തെ അവസാന ലൈനുകൾ ഉപയോഗിക്കാം.
അതിവേഗ പാതകളിലും ഇടത്തരം റോഡുകളിലും നിയമം ബാധകമാണ്. ഷാർജ റോഡ് ഗതാഗത അതോറിറ്റി (എസ്.ആർ.ടി.എ)യുമായി കൈകോർത്താണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. നവംബർ മുതൽ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ പ്രാബല്യത്തിലാവും. എമിറേറ്റിലെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ഗതാഗത നീക്കം കൂടുതൽ സുഗമമാക്കുകയുമാണ് പുതിയ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാ റോഡ് ഉപയോക്താക്കളും പുതിയ പരിഷ്കാരങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്മാർട്ട് റഡാറുകൾ ഉപയോഗിച്ച് മുഴുവൻ സമയവും നിരീക്ഷണം നടത്തും. കൂടാതെ, നിശ്ചിത പാതകളിൽ ട്രാഫിക് നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി സ്മാർട്ട് കാമറകളും സ്ഥാപിക്കും. നിയമം ലംഘിച്ചാൽ 1500 ദിർഹം പിഴയും ലൈസൻസിൽ 12 ബ്ലാക്ക് പോയന്റുകളും ചുമത്തും. ട്രാഫിക് സിഗ്നലുകളും നിർദേശങ്ങളും പാലിക്കാത്തവർക്ക് 500 ദിർഹമാണ് പിഴ. എല്ലാ വാഹന യാത്രക്കാരും അനുവദിച്ച ലൈനുകൾ മാത്രം ഉപയോഗിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും ഷാർജ പൊലീസ് ജനറൽ കമാൻഡ് അഭ്യർഥിച്ചു.
കഴിഞ്ഞ ദിവസം ദുബൈയും അതിവേഗ ലൈനുകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അഞ്ച് ലൈൻ പാതകളിൽ ഇടത് ഭാഗത്തുള്ള രണ്ട് ലൈനുകളിലാണ് ബൈക്ക് റൈഡർമാർക്ക് വിലക്ക്. നവംബർ ഒന്നു മുതൽ ദുബൈയിലും നിയമം പ്രാബല്യത്തിൽ വരും. അബൂദബിയിൽ 100 കിലോമീറ്ററോ അതിനു മുകളിലോ വേഗമുള്ള അഞ്ചുവരിയോ അതിനു മുകളിലോ ഉള്ള പാതകളിൽ ഡെലിവറി ബൈക്കുകൾ വലതുലൈനുകൾ മാത്രം ഉപയോഗിക്കണമെന്നാണ് നിർദേശം. അജ്മാനിൽ മൂന്ന്-നാല് വരി പാതകളിൽ വലതു വശത്തെ രണ്ട് ലൈനുകൾ മാത്രം ഉപയോഗിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

