ബിജു ഗോപിനാഥന്റെ മൃതദേഹം സംസ്കരിച്ചു
text_fieldsറാസല്‍ഖൈമ: ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവില്‍ റാസല്‍ഖൈമയിലെ ആളൊഴിഞ്ഞ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത തിരുവനന്തപുരം സ്വദേശി ബിജു ഗോപിനാഥന് നായരുടെ (44) മൃതദേഹം ദുബൈ ജബല്‍ അലിയില്‍ സംസ്കരിച്ചതായി സാമൂഹിക പ്രവര്ത്തകന് പുഷ്പന് ഗോവിന്ദന് അറിയിച്ചു.
മാര്‍ച്ച് 11നാണ് അവധിക്ക് നാട്ടില്‍ പോകുന്നതിനുള്ള നടപടികൾ പൂര്‍ത്തീകരിച്ച് ബിജു കമ്പനിയില്‍ നിന്നിറങ്ങിയത്. ലഗേജ് താമസസ്ഥലത്ത് ഒരുക്കിവെച്ച ശേഷം സലൂണിലേക്കെന്നുപറഞ്ഞ് പോയ ബിജുവിനെ പിന്നീട് കാണാതാവുകയായിരുന്നു. കമ്പനിയിലും പരിചയക്കാര്‍ക്കിടയിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് പൊലീസിലും നാട്ടില്‍ കുടുംബത്തെയും വിവരമറിയിച്ചു. അധികൃതരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും അന്വേഷണത്തിനൊടുവില്‍ രണ്ട് മാസത്തിനുശേഷം റാക് ജസീറയില്‍ ആളൊഴിഞ്ഞ വില്ലയില്‍ ബിജുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മാര്‍ച്ച് 13ന് മരണം സംഭവിച്ചെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ലെന്ന് ബന്ധു അഖിലും സാമൂഹിക പ്രവര്ത്തകന് പുഷ്പനും പറഞ്ഞു. കിളിമാനൂര്‍ പുത്തന്‍വീട് ഗോപിനാഥന് നായര്‍- വിജയമ്മ ദമ്പതികളുടെ മകനായ ബിജു റാസല്‍ഖൈമയില്‍ ഒര്‍ഗി കെമിക്ക് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഷീജയാണ് ഭാര്യ. എട്ടുവയസ്സുകാരന് അമര്‍നാഥ് ഏക മകനാണ്.