രൂപക്ക് വിനിമയ നിരക്കിൽ വൻ കുതിപ്പ്; പ്രവാസികൾക്ക് നേട്ടം
text_fieldsദുബൈ: ആഗോളവിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലേക്ക് കൂപ്പുകുത്തിയതോടെ നേട്ടമുണ്ടാക്കി പ്രവാസി സമൂഹം. ബുധനാഴ്ച ഡോളറിന് 90 രൂപയിലെത്തിയതോടെ യു.എ.ഇ ദിർഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് കുത്തനെ കൂടി. ഒരു ദിർഹമിന് 24.49 രൂപയാണ് ലഭിച്ചത്. രൂപക്ക് ലഭിക്കുന്ന ഈ വർഷത്തെ ഏറ്റവും ഉയർന്ന വിനിമയനിരക്കാണിത്. പോയ മാസങ്ങളിൽ 24.25 രൂപവരെ എത്തിയെങ്കിലും പിന്നീട് തിരിച്ചിറങ്ങി 23.85 രൂപയിലെത്തിയിരുന്നു. അതേസമയം, ശമ്പള ദിവസങ്ങളിൽ വിനിമയ നിരക്ക് കൂടിയത് പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസമായി. നാട്ടിലേക്ക് പണമയക്കാനുള്ള വൻ തിരക്കും കഴിഞ്ഞ ദിവസങ്ങളിലും അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളിലും മൂല്യമിടിവിന് സാധ്യതയുണ്ടെന്ന് സൂചന വരുന്നതിനാൽ പലരും പണമയക്കുന്നതിൽ വിമുഖത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും പരമാവധി തുക നാട്ടിലെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ്.
എക്സ്ചേഞ്ച് വഴിയും ബാങ്കിങ് ആപ്പുകൾ വഴിയുമാണ് പ്രധാനമായും നാട്ടിലേക്ക് പണമയക്കാറ്. ചില ബാങ്കിങ് ആപ്പുകളും സ്വകാര്യ വിനിമയ ആപ്പുകളും 25 രൂപവരെ വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്ത വർഷങ്ങളിലും രൂപയുടെ മൂല്യം താഴേക്ക് പോകുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. കഴിഞ്ഞവർഷം ഇതേ കാലയളവിൽ അഞ്ച് ശതമാനത്തിന്റെ മൂല്യമിടിവാണ് രൂപക്കുണ്ടായത്. നിലവിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന ഏഷ്യൻ കറൻസിയാണ് ഇന്ത്യൻ രൂപ. 2022ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക ഇടിവിലേക്കാണ് രൂപയുടെ മൂല്യം നിങ്ങുന്നതെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

