ആകാശപാതയിൽ ഷാർജയുടെ കുതിപ്പ്
text_fieldsഷാർജ: ഷാർജ രാജ്യാന്തര വിമാനത്താവളത്തിലൂടെയുള്ള സർവിസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ വൻ കുതിപ്പ്. കോവിഡ് കാലത്തുപോലും ശരാശരിയിൽനിന്ന് പിന്നോട്ട് പോകാത്ത പ്രകടനമാണ് ഷാർജ കാഴ്ച്ചവെച്ചത്. കഴിഞ്ഞ വർഷം ഷാർജ എയർപോർട്ട് 57,000ത്തിലധികം വിമാന സർവിസുകളിലൂടെ 70 ലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകി. ഡിസംബറിൽ ഏകദേശം 12 ലക്ഷം പേരാണ് യാത്ര ചെയ്തത്. 2021ൽ ചരക്കുകളുടെ പോക്കുവരവുകളിലും വർ വർധനവാണ് രേഖപ്പെടുത്തിയത്. 140,717 ടൺ ചരക്കുകളാണ് കൈകാര്യം ചെയ്തത്. 2019 ൽ നിന്ന് 22.27 ശതമാനം വർധനവുണ്ടായി.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വീക്ഷണവും കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ മാർഗനിർദേശവും ഈ നേട്ടങ്ങൾക്ക് കാരണമായതായി ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലിം അൽ മിദ്ഫ പറഞ്ഞു. ഷാർജയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിന് ഇന്ത്യൻ എയർലൈനുകളായ വിസ്താര, ഗോ ഫസ്റ്റ്, റഷ്യയുടെ എയറോഫ്ലോട്ട്, ഖത്തർ എയർവേയ്‌സ്, തുർക്കിഷ് എയർലൈൻസിന്റെ അനുബന്ധ സ്ഥാപനമായ അനഡോലു ജെറ്റ് പാകിസ്താെൻറ സെറീൻ എയർ, സിറിയയുടെ ചാം വിംഗ്സ് എയർലൈൻ, യുക്രെയ്നിെൻറ ബീസ് എയർലൈൻ, ഒമാൻ എയർ, മസ്‌കത്തിൽനിന്നുള്ള സലാം എയർ, ഈജിപ്തിൽനിന്നുള്ള ഫ്ലൈ ഈജിപ്ത്, കസാഖ്സ്താൻ എയർലൈൻസ് എന്നിവയുൾപ്പെടെ പുതിയ എയർലൈനുകളുടെ ഉദ്ഘാടനം ഷാർജ വിമാനത്താവളം ആഘോഷമാക്കി.
നേട്ടങ്ങൾ
2021ൽ ഷാർജ എയർപോർട്ട് തുടർച്ചയായ രണ്ടാം വർഷവും എ.സി.ഐയുടെ എയർപോർട്ട് ഹെൽത്ത് അക്രഡിറ്റേഷൻ (എ.എച്ച്.എ) വിജയകരമായി പുതുക്കി. ഈ നാഴികക്കല്ലിൽ എത്തുന്ന രാജ്യത്തെ ആദ്യത്തേതും മിഡിൽ ഈസ്റ്റിലെ ഏഴാമത്തേയും വിമാനത്താവളമാണ്. നിശ്ചയദാർഢ്യ വിഭാഗക്കാരുടെ സൗഹൃദ സ്ഥാപനമെന്ന നിലയിൽ ലോക വികലാംഗ ഫെഡറേഷെൻറ ഗോൾഡ് അക്രഡിറ്റേഷനും ലഭിച്ചു, ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ലോകത്തിലെ നാലാമത്തെ വിമാനത്താവളമായി ഷാർജ മാറി. യാത്രക്കാർക്ക് ചെക്ക്-ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ബാഗേജ് നടപടികൾ സ്വന്തമായി കൈകാര്യം ചെയ്യുവാനും കഴിയും.
തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ കാത്തിരിപ്പു സമയം കുറക്കാൻ സ്മാർട്ട് സേവനങ്ങൾ തുണയാകുന്നു. യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് എല്ലാതരം ബോർഡിങ് പാസുകളും പരിശോധിക്കുന്നതിനായി ഓട്ടോമേറ്റഡ് ബോർഡിങ് പാസ് വെരിഫിക്കേഷൻ സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. ചെക്ക്-ഇൻ ഏരിയകൾ, സുരക്ഷ പരിശോധനകൾ, പാസ്‌പോർട്ട് നിയന്ത്രണം എന്നിവയിലുടനീളമുള്ള പ്രവർത്തന നടപടിക്രമങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് പാസഞ്ചർ ഫ്ലോ ആൻഡ് ക്യൂ മാനേജ്‌മെന്‍റ് സിസ്റ്റം നടപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.