നിർമ്മാണ മേഖലയുടെ ഭാവി വെളിപ്പെടുത്തി ബിഗ് ഫൈവ് പ്രദർശനം
text_fieldsദുബൈ: കെട്ടിട നിർമ്മാണത്തിലെ ആധുനിക പ്രവണതയെന്തെന്ന ചോദ്യത്തിന് ആയിരക്കണക്കിന് ഉത്തരവുമായാണ് ബിഗ് ഫൈവ് പ്രദർശനം നടക്കുന്നത്. പക്ഷേ, കാണികളുടെ കണ്ണിൽ ആദ്യം ഉടക്കുന്നത് ചില ഒാലപ്പുരകളാണ്. അകലെ നിന്ന് മാത്രമല്ല അടുത്തുവന്ന് തൊട്ടുനോക്കിയാലും പനയോല തന്നെ. ഒരു തുള്ളി വെള്ളം ചോരാതെ പുരമേയാൻ കഴിയുന്ന ഇൗ ആധുനിക ഒാല സിന്തറ്റിക്കാണ്. കാനഡയിൽ നിർമ്മിക്കുന്ന ഇവക്ക് തീപിടിക്കില്ലെന്ന പ്രത്യേകതയുമുണ്ട്. റിേസാർട്ടുകളുടെ മേൽക്കൂര മേയാൻ ഉപയോഗിക്കുന്ന ഇൗ ഒാലക്ക് 20 വർഷമാണ് ഗ്യാരണ്ടി. ഇതിന് പുറമെ പളുങ്കുപോലുള്ള ടൈലുകളും ഫ്ലോറിങിലെ മാറിവരുന്ന രീതികളും പൈപ്പുകളിലെയും ടാപ്പുകളിലെയും നൂതന പ്രവണതകളും മുതൽ സോളാർ രംഗത്തെ കണ്ടുപിടുത്തങ്ങളും പെയിൻറടിക്കുന്ന ബ്രഷുകൾക്കുണ്ടായ മാറ്റം വരെ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എഞ്ചിനീയറിങ് എക്സ്പോർട് പ്രമോഷൻ കൗസിലിെൻറ (ഇ.ഇ.പി.സി) ആഭിമുഖ്യത്തിൽ 50 ഒാളം ഇന്ത്യൻ കമ്പനികളും വേൾഡ് ട്രേഡ് സെൻററിൽ എത്തിയിട്ടുണ്ട്. മേക്ക് ഇൻ ഇന്ത്യയുടെ ചുവടുപിടിച്ചാണ് ഇന്ത്യൻ കമ്പനികൾ ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഇന്ത്യൻ പവലിയനിൽ ലഭിക്കുന്നതെന്ന് ഇ.ഇ.പി.സി. എക്സിക്യുട്ടീവ് ഒാഫീസർ കാർത്തിക് ശെൽവരാജ് പറഞ്ഞു. 64 രാജ്യങ്ങൾ പെങ്കടുക്കുന്ന മേളയിൽ 2601 സ്റ്റാളുകൾ ഉണ്ട്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, എൻജിനീയറിങ്, ഇൻറീരിയർ, നിർമാണ ഉൽപന്നങ്ങൾ, നൂതന നിർമാണ സാങ്കേതികവിദ്യകൾ, കോൺക്രീറ്റ് തുടങ്ങി നിർമാണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇവിടെയുണ്ട്. ത്രീ ഡി പ്രിൻറിങ്, നിർമിത ബുദ്ധി, റൊബോട്ടിക്സ് എന്നിവ നിർമാണ മേഖലയിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. വിവിധ വിഷയങ്ങളിലുള്ള നൂറിലധികം സെമിനാറുകളും ശിൽപശാലകളും പ്രദർശനത്തോടനുബന്ധിച്ച് നടത്തുന്നുണ്ട്. മേള ഇന്ന് സമാപിക്കും.