'ബിഗ് ബാഡ് വുൾഫ്'ഓൺലൈൻ പുസ്തക മേള: യു.എ.ഇയിൽ വിറ്റത് 80,000 പുസ്തകങ്ങൾ
text_fieldsഷാർജ: ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) സംഘടിപ്പിച്ച ബിഗ് ബാഡ് വുൾഫ് ഓൺലൈൻ പുസ്തക മേളയിൽ 80,000 പുസ്തകങ്ങൾ വിൽപന നടത്തിയതായി അധികൃതർ പറഞ്ഞു. ആദ്യമായി ഓൺലൈനിൽ നടക്കുന്ന ഈ വിൽപനയിൽ വിവിധ വിഭാഗങ്ങളിലുള്ള ശീർഷകങ്ങൾ ഉൾപ്പെടുത്തിയിരുന്നു. എല്ലാ പ്രായത്തിലുമുള്ള പുസ്തക പ്രേമികളെ ആകർഷിക്കുന്ന പുസ്തകങ്ങളുടെ വിലയിൽ 90 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിരുന്നു.
കോവിഡ് സമയത്ത് എല്ലാ വിഭാഗങ്ങളെയും പുസ്തകങ്ങളിലേക്ക് അടുപ്പിക്കാൻ ഓൺലൈൻ പുസ്തക മേള സഹായിച്ചിട്ടുണ്ടെന്ന് എസ്.ബി.എ ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അംരി പറഞ്ഞു. പുസ്തകങ്ങളോടുള്ള സമൂഹത്തിെൻറ താൽപര്യം പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള എസ്.ബി.എയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ബിഗ് ബാഡ് വുൾഫ് സെയിൽ.
സൗദി അറേബ്യ, ഈജിപ്ത്, മൊറോകോ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ ഈ പരിപാടി വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.24 മണിക്കൂറിനുള്ളിൽ ഓർഡറുകൾ എത്തിച്ച് നൽകിയിരുന്നു. സുരക്ഷിതവും സൗകര്യപ്രദവുമായ പേമെൻറ് ഓപ്ഷനുകളും ഇ-കോമേഴ്സ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്തിരുന്നു.

