‘ബിഗ്, ബാഡ്, വോൾഫ്’ പുസ്തകോത്സവം ഇന്നുമുതൽ
text_fieldsബിഗ്, ബാഡ്, വോൾഫ് ബുക്സ്’ പ്രദർശനത്തിലെ ദൃശ്യം
ഷാർജ: പുസ്തകപ്രേമികൾക്ക് സന്തോഷവാർത്തയുമായി ‘ബിഗ്, ബാഡ്, വോൾഫ്’ പുസ്തക പ്രദർശനവും വിൽപനയും ഷാർജയിൽ ചൊവ്വാഴ്ച ആരംഭിക്കുന്നു. ലോകത്തെതന്നെ ഏറ്റവും വലിയ പുസ്തകവിൽപന സംരംഭമായ ‘ബിഗ്, ബാഡ്, വോൾഫ്’ പുസ്തകോത്സവം ജനുവരി ഏഴുവരെ നീണ്ടുനിൽക്കും.
ഡിസ്കൗണ്ടോടെയുള്ള പുസ്തകങ്ങളുടെ വിശാലമായ ശേഖരമുള്ള മേളയിൽ 85 ശതമാനം വരെ നിരക്കിളവ് ലഭിക്കും. ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച് തുടങ്ങി നിരവധി ഭാഷകളിലും വിഭാഗങ്ങളിലുമായി 10 ലക്ഷത്തിലധികം വ്യത്യസ്ത പുസ്തകങ്ങൾ മേളയിലുണ്ടാകും. ജീവചരിത്രങ്ങൾ, നോൺ-ഫിക്ഷൻ, ചരിത്രം, സയൻസ് ഫിക്ഷൻ തുടങ്ങി വിവിധ മേഖലകളിലെ പുസ്തകങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയതെന്നും സംഘാടകർ പറഞ്ഞു. രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. മേളയുടെ എല്ലാ ദിവസങ്ങളിലും വിലക്കിഴിവ് ലഭ്യമാണ്.
2009ൽ മലേഷ്യയിലാണ് ബിഗ്, ബാഡ്, വോൾഫ് ബുക്സ് സ്ഥാപിതമായത്. ഇതിനകം പാകിസ്താൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, സിംഗപ്പൂർ തുടങ്ങി 12 രാജ്യങ്ങൾ സന്ദർശിച്ച് പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. റമദാൻ മാസത്തിൽ ദുബൈയിലും മേള സംഘടിപ്പിക്കാറുണ്ട്. 2018ലെ ആദ്യ വരവിൽതന്നെ ദുബൈയിൽ വലിയ പ്രചാരം നേടാൻ ഈ പുസ്തകമേളക്ക് സാധിച്ചിരുന്നു.

