ഭരത് മുരളി നാടകോത്സവം; ചോദ്യങ്ങൾ ഉയർത്തി ‘തീമാടൻ’
text_fields14ാമത് ഭരത് മുരളി നാടകോത്സവത്തിൽ അൽഐൻ മലയാളി സമാജം അവതരിപ്പിച്ച ‘തീമാടൻ’
അബൂദബി: മനുഷ്യന്റെ മുഖത്ത് നോക്കി സത്യം വിളിച്ചുപറയുന്ന മനുഷ്യപ്പറ്റിന്റെ കലയാണ് നാടകമെന്ന് 14ാമത് ഭരത് മുരളി നാടകോത്സവത്തിൽ അൽഐൻ മലയാളി സമാജം അവതരിപ്പിച്ച ‘തീമാടൻ’. രാജ്മോഹൻ നീലേശ്വരം രചിച്ച് സുധീർ ബാബൂട്ടൻ സംവിധാനം ചെയ്ത തീമാടൻ നാടകോത്സവത്തിലെ എട്ടാമത്തെ നാടകമായാണ് അവതരിപ്പിച്ചത്. ചോദ്യങ്ങൾ ഉയർത്തിയും ബോധമുണർത്തിയും സമൂഹത്തിന്റെ ഇരുളറകളിലേക്ക് നേരിന്റെ വെളിച്ചം വീശുന്ന ‘തീമാടൻ’ ഒരു മരിച്ച മനുഷ്യനിൽ നിന്നാണ് ആരംഭിക്കുന്നത്. നമുക്കു നഷ്ടപ്പെട്ടത് നാം തന്നെയാണ് എന്ന് തിരിച്ചറിയുന്ന സന്ദേശം വളരെ ലളിതമായ ഭാഷയിൽ വേദിയിൽ അവതരിപ്പിക്കുകയായിരുന്നു.
തീമാടനായി അഭിനയിച്ച ബൈജു പട്ടാലി തന്റെ കഥാപാത്രത്തെ ഏറെ മികവുറ്റതാക്കി. പെണ്ണായി ബബിത ശ്രീകുമാറും കള്ളനായി റസൽ മുഹമ്മദ് സാലിയും ചത്തോനായി ശ്രീകുമാർ എൻ.ജെയും തൊണ്ടിച്ചിയായി ഷിബി പ്രകാശും ജാരനായി ഉല്ലാസ് തറയിലും വേഷമിട്ടു. ടിങ്കു പ്രകാശ്, അനീഷ് എം.കെ., സുപക് പത്മാകരൻ, സുരേഷ് അറക്കൽ വീട്, നിമ്മി ബാബു, ഫക്രുദ്ദീൻ അലി അഹമ്മദ്, സജീവൻ അമ്പാടി, അഷറഫ് എ.ബി., ബിജിൻ ലാൽ കെ.പി., യൂസഫ് അലി, അബൂബക്കർ വേരൂർ എന്നിവർ മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു.
അണിയറയിൽ ലജീപ് കുന്നുംപുറത്ത് (സംഗീതം), സുധീർ ബാബൂട്ടൻ (പ്രകാശവിതാനം), ടിങ്കു പ്രസാദ് (രംഗസജ്ജീകരണം), രമ്യശ്രീ രാജേന്ദ്രൻ (വാസ്താലങ്കാരം), ക്ലിന്റ് പവിത്രൻ (ചമയം) എന്നിവർ പ്രവർത്തിച്ചു. 14ാമത് ഭരത് മുരളി നാടകോത്സവത്തിലെ പത്താമത്തെ നാടകമായി സുവീരന്റെ ‘ബ്രെക്റ്റസ് ഗലീലിയോ’ ജനുവരി 24ന് രാത്രി എട്ടിന് കേരള സോഷ്യൽ സെന്ററിൽ ഷാർജ ചമയം തിയറ്റർ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

