ഭരത് മുരളി നാടകോത്സവം; മോക്ഷം മികച്ച നാടകം
text_fieldsജോബ് മഠത്തിൽ (മികച്ച സംവിധായകൻ),,എമിൽ മാധവി (മികച്ച സംവിധായകൻ),പി. വി. നന്ദകുമാർ (മികച്ച നടൻ), മഹാദേവൻ (മികച്ച നടൻ), ദിവ്യ ബാബുരാജ് (മികച്ച നടി),മാധവ്ജിത്ത് (മികച്ച ബാലതാരം
അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച 14ാമത് ഭരത് മുരളി സ്മാരക നാടകോത്സവത്തില്‍ ഒന്റാരിയോ തിയറ്റേഴ്സ് ദുബൈ അവതരിപ്പിച്ച ‘മോക്ഷം’ മികച്ച നാടകമായും ‘മോക്ഷം’ സംവിധാനം ചെയ്ത ജോബ് മഠത്തിൽ, ഓർമ ദുബൈ അവതരിപ്പിച്ച ‘പെഡ്രോ ഡി സൗണ്ട് ഓഫ് ഡെത്ത്’ സംവിധാനം ചെയ്ത എമിൽ മാധവി എന്നിവരെ മികച്ച സംവിധായകരായും തെരഞ്ഞെടുത്തു.
തിയറ്റർ ദുബൈയുടെ ‘ധോമി കിത കിത ധോമി’, ഓർമ ദുബൈയുടെ ‘പെഡ്രോ ഡി സൗണ്ട് ഓഫ് ഡെത്ത്’ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. രണ്ടാമത്തെ സംവിധായകനായി ഒ.ടി. ഷാജഹാനെ തെരഞ്ഞെടുത്തു. ‘മോക്ഷ’ത്തിൽ മാടനായി വേഷമിട്ട നന്ദകുമാറും കുഞ്ഞനായി വേഷമിട്ട മഹാദേവനും മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ‘ധോമി കിത കിത ധോമി’യിൽ ഫാത്തിമയായും ശൂർപ്പണകയായും വേഷമിട്ട ദിവ്യ ബാബുരാജിനെ മികച്ച നടിയായും ‘ബ്രെക്റ്റസ് ഗലീലിയോ’യിൽ അഭിനയിച്ച മാധവ്ജിത്ത് മികച്ച ബാലതാരമായും തെരഞ്ഞെടുത്തു.
മികച്ച രണ്ടാമത്തെ നടൻ ഡോ. ആരിഫ് കണ്ടോത്ത്, രണ്ടാമത്തെ നടി ദേവി രാഘവൻ, രണ്ടാമത്തെ ബാലതാരം വിഷ്ണു തച്ചുകുന്നുമ്മൽ, രംഗ സജ്ജീകരണം നിസാർ ഇബ്രാഹിം, പശ്ചാത്തല സംഗീതം നിജിൽ ദാസ്, പ്രകാശവിതരണം കെ.വി. അനൂപ്, വസ്ത്രാലങ്കാരം സനത് ഗുൽമോഹർ, മികച്ച ചമയം ക്ലിന്റ് പവിത്രൻ എന്നിവരായിരുന്നു മറ്റു ജേതാക്കൾ. മുസഫ കൈരളി കൾചറൽ ഫോറം അവതരിപ്പിച്ച ഇനിയും എന്ന നാടകത്തിലെ അഭിനയത്തിന് ധനവി സുമേഷ്, ദുബൈ നിഴൽ ആക്ടോറിയം അവതരിപ്പിച്ച വംശപർവം സംവിധാനംചെയ്ത ബിജു കൊട്ടില (സംവിധായകൻ) എന്നിവർ പ്രത്യേക ജൂറി പുരസ്കാരം നേടി. ഏകാങ്ക നാടക രചനാമത്സരത്തിൽ സേതു മാധവൻ പാലാഴിയുടെ ‘രതി’ മികച്ച രചനയായി തെരഞ്ഞെടുത്തു. നാടകപ്രവർത്തകരായ സി.കെ. രമേശ് വർമ, സജിത മഠത്തിൽ എന്നിവരായിരുന്നു വിധികർത്താക്കൾ.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി.കെ. മനോജ് അധ്യക്ഷത വഹിച്ചു. അവാർഡ് സമർപ്പണച്ചടങ്ങിൽ സാഹിത്യവിഭാഗം സെക്രട്ടറി നിഖിൽ ഹുസൈൻ വിധികർത്താക്കളെ പരിചയപ്പെടുത്തി. കലാവിഭാഗം സെക്രട്ടറി ഹാരിസ് ഹുസൈൻ അവാർഡ് ദാനം നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും അസി. കലാവിഭാഗം സെക്രട്ടറി സ്മിത ധനേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

