ഓണ്‍ലൈന്‍-സാമൂഹിക മാധ്യമം: ‘സൂക്ഷിക്കുക, ഇരയാകരുത്’
text_fieldsറാസല്‍ഖൈമ: ഓണ്‍ലൈന്‍ സങ്കേതങ്ങളിലെ ചതിക്കുഴികളില്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കുറ്റാന്വേഷണ വിഭാഗം. വിവര സാങ്കേതിക ശൃംഖലകള്‍ സമൂഹത്തിന് ഗുണഫലങ്ങള്‍ സമ്മാനിക്കുമ്പോഴും ഇതില്‍ ഒളിഞ്ഞിരിക്കുന്ന കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധവത്കരണം അനിവാര്യമാണെന്ന് റാക് പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ അവാദി അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ‘സൂക്ഷിക്കുക, ഇരയാകരുത്’ എന്ന ശീര്‍ഷകത്തില്‍ വരുംദിവസങ്ങളില്‍ റാസല്‍ഖൈമയില്‍ പ്രചാരണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വഞ്ചന, ബ്ലാക്ക് മെയിലിങ്, ലിങ്കുകള്‍ അയച്ച് വിവരശേഖരണം, വ്യാജ ഉല്പന്നങ്ങളുടെ വിപണനം തുടങ്ങി വിവിധങ്ങളായ തട്ടിപ്പുകളുടെ കൂടാരം കൂടിയാണ് ഓണ്‍ലൈന്‍ വിവര സാങ്കേതിക രംഗം. അപരിചിതരുടെ അഭ്യര്‍ഥനകള്‍ അവഗണിച്ച് വിടുന്നതാണ് അഭികാമ്യം. അപരനില്‍നിന്ന് നിരന്തരശല്യപ്പെടുത്തലുകളും അഭ്യര്‍ഥനകളും ലഭിക്കുന്നവര്‍ അധികൃതരെ അറിയിക്കുക.
ഫോട്ടോകള്‍, വിഡിയോകള്‍ എന്നിവയില്‍ തിരുത്തല്‍ വരുത്തി ചൂഷണത്തിനും ശ്രമങ്ങളുണ്ട്. അനധികൃത പണസമ്പാദനമാണ് ഇത്തരക്കാരുടെ ലക്ഷ്യം. സംശയകരവും അസാധാരണവുമായ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നവര്‍ക്ക് 901 നമ്പറില്‍ വിവരം കൈമാറാം. ഇതിലൂടെ കുറ്റവാളികളെ കുടുക്കാനും സമൂഹ സുരക്ഷക്ക് സഹായകമാകുമെന്നും അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

