വ്യാജ ഇൻഷുറൻസ് ഓഫറുകൾ, തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം; ദുബൈ പൊലീസ്
text_fieldsദുബൈ: വ്യാജ ഇൻഷുറൻസ് ഓഫറുകൾ നൽകി പണവും വ്യക്തിഗത-ബാങ്കിങ് വിവരങ്ങളും കവരുന്ന തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലുള്ള ആന്‍റി ഫ്രോഡ് സെന്‍റർ മുന്നറിയിപ്പ് നൽകി. അംഗീകൃത ഇൻഷുറൻസ് കമ്പനികളുടെയും ബ്രോക്കർമാരുടെയും പേരിൽ വ്യാജ പരസ്യങ്ങളും ലിങ്കുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിർമിച്ച് ആളുകളെ വഞ്ചിക്കുന്ന രീതി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിർദേശം.
വളരെ കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് വാഗ്ദാനം ചെയ്തും, പോളിസി ഉടൻ പുതുക്കണമെന്ന് ആവശ്യപ്പെട്ടുമാണ് തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നത്. തുടർന്ന് നൽകുന്ന ലിങ്കുകൾ വഴി വാഹന വിവരങ്ങൾ, ബാങ്ക് കാർഡ് വിവരങ്ങൾ, വെരിഫിക്കേഷൻ കോഡുകൾ (ഒ.ടി.പി) എന്നിവ കൈക്കലാക്കുകയാണ് ഇവരുടെ രീതി. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ദുബൈ പൊലീസ് മുന്നോട്ട് വെക്കുന്ന 10 പ്രധാന നിർദേശങ്ങൾ താഴെ പറയുന്നവയാണ്.
- കമ്പനിയുടെ ലൈസൻസ് ഉറപ്പാക്കുക: പണം അയക്കുന്നതിന് മുൻപ് ഇൻഷുറൻസ് കമ്പനിയുടെ പേരും അത് അംഗീകൃത ലൈസൻസുള്ള കമ്പനിയാണോ എന്നും പരിശോധിക്കുക.
- ഔദ്യോഗിക ബാങ്ക് അക്കൗണ്ട് ഉറപ്പാക്കുക: പണം കൈമാറുന്ന അക്കൗണ്ട് കമ്പനിയുടേതാണെന്ന് ഉറപ്പുവരുത്തുക. വ്യക്തിഗത അക്കൗണ്ടുകളിലേക്കോ ബന്ധമില്ലാത്ത മറ്റ് സ്ഥാപനങ്ങളിലേക്കോ പണം അയക്കരുത്.
- സോഷ്യൽ മീഡിയ പരസ്യങ്ങളിൽ ജാഗ്രത: സമൂഹ മാധ്യമങ്ങൾ വഴി ലഭിക്കുന്ന സന്ദേശങ്ങളോ പരസ്യങ്ങളോ മാത്രം വിശ്വസിച്ച് ഇടപാടുകൾ നടത്തരുത്; പരസ്യദാതാവിന്‍റെ ഔദ്യോഗിക വിവരങ്ങൾ പരിശോധിക്കുക.
- പോളിസി വിവരങ്ങൾ ഒത്തുനോക്കുക: ഇൻഷുറൻസ് പോളിസിയിലെ വിവരങ്ങളും ബ്രോക്കറുടെ പേരും ഔദ്യോഗിക രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
- അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്: ഓഫറുകൾ നൽകാം അല്ലെങ്കിൽ പോളിസി പുതുക്കാം എന്ന് പറഞ്ഞ് അപരിചിത ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
- അവിശ്വസനീയമായ കുറഞ്ഞ നിരക്കുകൾ: സാധാരണയിൽ കവിഞ്ഞ ഇളവുകളോടെയും വിപണി നിരക്കിനേക്കാൾ വളരെ കുറഞ്ഞ തുകക്കും ലഭിക്കുന്ന ഓഫറുകൾ തട്ടിപ്പാകാം.
- രഹസ്യ വിവരങ്ങൾ പങ്കുവെക്കരുത്: ബാങ്ക് കാർഡ് വിവരങ്ങൾ, പാസ്‌വേഡുകൾ, ഒ.ടി.പി എന്നിവ ഇൻഷുറൻസ് കമ്പനി പ്രതിനിധിയാണെന്ന് അവകാശപ്പെടുന്ന ആർക്കും കൈമാറരുത്.
- ഔദ്യോഗിക ചാനലുകൾ വഴി സ്ഥിരീകരിക്കുക: പണം അയക്കുന്നതിന് മുൻപ് ഇൻഷുറൻസ് കമ്പനിയുടെ ഔദ്യോഗിക ഫോൺ നമ്പറിലോ വെബ്‌സൈറ്റിലോ ബന്ധപ്പെട്ട് ഓഫറിന്‍റെ സത്യാവസ്ഥ ഉറപ്പാക്കുക.
- രേഖകൾ സൂക്ഷിച്ചു വെക്കുക: പണമിടപാടുകളുടെ രസീതുകൾ, ചാറ്റുകൾ, ഓഫർ വിവരങ്ങൾ എന്നിവ പരാതി നൽകാനോ പരിശോധിക്കാനോ വേണ്ടി സൂക്ഷിക്കുക.
- തട്ടിപ്പ് സംശയിച്ചാൽ ഉടൻ നടപടി: തട്ടിപ്പിനിരയായെന്ന് സംശയം തോന്നിയാൽ തുടർ ഇടപാടുകൾ ഉടനടി നിർത്തിവെക്കുകയും, അടിയന്തരമായി ബാങ്കിനെയും ബന്ധപ്പെട്ട അധികാരികളെയും വിവരമറിയിക്കുകയും ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

