പാനീയം: കിംവദന്തികള്‍ തള്ളി ഭക്ഷ്യസുരക്ഷ അതോറിറ്റി
text_fieldsഅബൂദബി: പ്രമുഖ ബ്രാന്‍ഡിലുള്ള പാനീയത്തെക്കുറിച്ച് പ്രചരിക്കുന്ന കിംവദന്തികള്‍ തള്ളി അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി (അഡാഫ്സ). വിപണിയിലുള്ള ഉല്പന്നങ്ങള് സുരക്ഷിതമാണെന്നും എമിറേറ്റിലെ മാര്‍ക്കറ്റില്‍ അനാരോഗ്യകരവും സുരക്ഷിതത്വമില്ലാത്തതുമായ ഉല്പന്നങ്ങള് എത്താതിരിക്കാന്‍ അനിവാര്യമായ എല്ലാ നടപടികളും തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അഡാഫ്സ അധികൃതര്‍ എക്സില്‍ കുറിച്ചു.
പ്രാദേശികമോ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതോ ആയ വിപണിയിലുള്ള എല്ലാ ഭക്ഷ്യ ഉല്പന്നങ്ങളും വിതരണ ശൃംഖലയിലുടനീളം ശക്തമായ നിയന്ത്രണങ്ങള്‍ക്കു വിധേയമായിട്ടാണ് എത്തുന്നതെന്നും അഡാഫ്സ പറഞ്ഞു.
യു.എ.ഇയില്‍ വില്പനക്ക് വെച്ചിരിക്കുന്ന ഭക്ഷണവസ്തുക്കളിൽ പുഴുക്കളും കീടങ്ങളുമുണ്ടെന്ന പ്രചാരണവും മുമ്പ് അബൂദബി അഗ്രികള്‍ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി തള്ളിയിരുന്നു. ചില ഭക്ഷ്യ ഉല്പന്നങ്ങളില് യൂറോപ്യന്‍ രാജ്യങ്ങള്‍ കീടങ്ങള്‍ ഉള്‍പ്പെടുത്താന്‍ അനുവാദം നല്‍കുന്നുവെന്ന സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം വിശദീകരണം നടത്തിയത്. പഴത്തിനുള്ളില്‍ പുഴുവിനെ കണ്ടെത്തിയതായി മുമ്പ് പ്രചരിച്ച വിഡിയോയും വ്യാജമാണെന്ന് അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി കണ്ടെത്തിയിരുന്നു.

