‘നിങ്ങളും പുസ്തകവും തമ്മിൽ’; ഷാർജ പുസ്തകോത്സവം നവംബർ 5 മുതൽ
text_fieldsഷാർജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ അതോറിറ്റി സി.ഇ.ഒ അഹമ്മദ് ബിൻ റക്കാദ് അൽ അമീരി സംസാരിക്കുന്നു
ഷാർജ: ലോകത്തിന്‍റെ നാലുദിക്കിൽ നിന്നും വായനാപ്രേമികൾ ഒഴുകിയെത്തുന്ന 44ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം പുതിയ അനുഭവങ്ങളുമായി നവംബർ 5ന് ആരംഭിക്കും. 16 വരെ നീളുന്ന മേളയിൽ വിവിധ രാജ്യങ്ങളിലെ സാഹിത്യപ്രതിഭകളായ നിരവധിപേർ അതിഥികളായെത്തുമെന്ന് ഷാർജ ബുക്ക് അതോറിറ്റി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കവി സച്ചിദാനന്ദൻ അടക്കം മലയാളത്തിൽ നിന്നും പ്രമുഖർ അതിഥികളായെത്തുന്നുണ്ട്. മുൻ വർഷങ്ങളിലേതിന് സമാനമായി ഷാർജ എക്സ്പോ സെൻററാണ് അറബ് ലോകത്തെ ഏറ്റവും വലിയ പുസ്തകമേളക്ക് ഇത്തവണയും ആതിഥ്യമരുളുന്നത്. ‘നിങ്ങളും പുസ്തകവും തമ്മിൽ’ എന്ന തലക്കെട്ടിലാണ് ഇത്തവണ മേള ഒരുക്കുന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ 10 രാജ്യങ്ങൾ കൂടുതലായി ഇത്തവണ മേളയിൽ പങ്കെടുക്കുന്നുണ്ടെന്നും ഗ്രീസാണ് ഇത്തവണ അതിഥി രാജ്യമെന്നും ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ അഹമ്മദ് ബിൻ റക്കാദ് അൽ അമീരി പറഞ്ഞു. പ്രമുഖ നൈജീരിയൻ എഴുത്തുകാരി ചിമമന്ദ എൻഗോസി അഡീചീ, ഇറ്റാലിയൻ എഴുത്തുകാരൻ കാർലോ റോവല്ലി, ഐറിഷ് നേവലിസ്റ്റ് പോൾ ലിഞ്ച്, ബ്രിട്ടീഷ് സൈക്കോളജിസ്റ്റ് ഡോ. ജൂലി സ്മിത്ത് എന്നിവരടക്കം പ്രമുഖർ അന്താരാഷ്ട്ര തലത്തിൽ നിന്ന് മേളയുടെ ഭാഗമാകുന്നുണ്ട്.
118 രാജ്യങ്ങളിൽ നിന്നുള്ള 2350 പ്രസാധകരാണ് മേളയിൽ പ്രദർശനത്തിന് എത്തുന്നത്. 66 രാജ്യങ്ങളിൽ നിന്നുള്ള 251 പ്രമുഖർ നേതൃത്വം നൽകുന്ന 1200ലേറെ പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. ഇതിൽ 300 സാംസ്കാരിക പരിപാടികളും 750 കുട്ടിൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള ശിൽപശാലകളും ഉൾപ്പെടും.
പുതിയ നിരവധി പരിപാടികളും ഇത്തവണത്തെ മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. പോയട്രി ഫാർമസി, പോപ് അപ്പ് അക്കാദമി, പോഡ്കാസ്റ്റ് സ്റ്റേഷൻ എന്നിവ ഇതിൽ ഉൾപ്പെടും. എട്ട് ഭാഷകളിലായി സായാഹ്ന കവിതാ സദസ്സുകൾ ഒരുക്കുന്ന പരിപാടിയും ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്.
ഗ്രീസ് എംബസിയിലെ പ്രതിനിധി പെനാഗോട്ടിസ് കുഗ്യൂ, ഷാർജ ബ്രാഡ്കാസ്റ്റിങ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ഹസൻ ഖലഫ്, ഇ-ആൻഡ് യു.എ.ഇ ജനറൽ മാനേജർ മുഹമ്മദള അൽ അമീമി, പുസ്തകോൽസവം ജനറൽ കോഓഡിനേറ്റർ ഖൗല അൽ മുജൈനി, ഷാർജ ബുക്ക് അതോറിറ്റിയിലെ പബ്ലിഷിങ് സർവീസസ് ഡയറക്ടർ മൻസൂർ അൽ ഹസനി എന്നിവരും വാർത്തസമ്മേളനത്തിൽ സംസാരിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സന്ദർശകരെയാണ് ഇത്തവണ മേളയിൽ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

