വരും തലമുറക്ക് മികച്ച അവസരം: മികച്ച പത്ത് രാജ്യങ്ങളിൽ ഇടം നേടി യു.എ.ഇ
text_fieldsദുബൈ: വരും തലമുറക്ക് ഏറ്റവും മികച്ച അവസരങ്ങൾ പ്രദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളുള്ള ലോകത്തിലെ ഏറ്റവും മികച്ച 10 രാജ്യങ്ങളിൽ ഇടം നേടി യു.എ.ഇ. ആഗോള റാങ്കിങ് സ്ഥാപനമായ ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തുവിട്ട സൂചികയിലാണ് യു.എ.ഇ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടിയത്.
ഉയർന്ന തലത്തിലുള്ള തൊഴിൽ സാധ്യതകൾ, വരുമാന സാധ്യത എന്നിവയിൽ 67 ശതമാനം സ്കോർ നേടി സൂചികയിൽ ഏഴാം സ്ഥാനത്താണ് യു.എ.ഇ. ആസ്ട്രിയ, ന്യൂസിലൻഡ്, ഇറ്റലി, ഹോങ്കോങ്, ലാത്വിയ, മാൾട്ട, ഹംഗറി, ഗ്രീസ്, പോർചുഗൽ എന്നീ രാജ്യങ്ങൾക്ക് മുകളിലാണ് യു.എ.ഇയുടെ സ്ഥാനം. 83 ശതമാനം സ്കോറുമായി സ്വിറ്റ്സർലൻഡാണ് സൂചികയിൽ ഒന്നാമത്. സിംഗപ്പൂർ, യു.എസ്, ആസ്ട്രേലിയ, കാനഡ, യു.കെ എന്നീ രാജ്യങ്ങളാണ് തൊട്ടുപിറകിൽ.
ഉയർന്ന ജീവിത നിലവാരം, മികച്ച വിദ്യാഭ്യാസം, കരിയർ രംഗത്തെ പുരോഗതി എന്നിവയിലും യു.എ.ഇക്ക് മികച്ച സ്ഥാനം നേടാനായിട്ടുണ്ട്. വരുമാന സാധ്യത, കരിയറിലെ പുരോഗതി, ഏറ്റവും മികച്ച തൊഴിൽ സാധ്യതകൾ, മികച്ച വിദ്യാഭ്യാസം, സാമ്പത്തികമായ പുരോഗതി, ഉയർന്ന ജീവിത നിലവാരം എന്നീ ആറ് ഘടകങ്ങൾ പരിശോധിച്ചാണ് ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ കുടിയേറ്റ ലക്ഷ്യസ്ഥാനങ്ങളെ സൂചിക വിലയിരുത്തുന്നത്.
യു.എ.ഇയിലെ ഗോൾഡൻ വിസ, ന്യൂസിലൻഡിലെ ആക്ടീവ് ഇൻവെസ്റ്റർ പ്ലസ് വിസ തുടങ്ങിയ നിക്ഷേപ കുടിയേറ്റ പദ്ധതികൾ വരും തലമുറക്ക് മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതായി ഹെൻലി ആൻഡ് പാർട്ണേഴ്സ് വിലയിരുത്തി. പ്രോപ്പർട്ടി വാങ്ങുന്നവർ, നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, മിടുക്കരായ വിദ്യാർഥികൾ എന്നിവർക്കായി ഗോൾഡൻ വിസ പോലെ ദീർഘകാല റസിഡൻസി പദ്ധതികൾ യു.എ.ഇ അവതരിപ്പിക്കുന്നുണ്ട്. റിട്ടയർമെന്റ് വിസ, ബ്ലൂ വിസ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
2019ൽ ആയിരക്കണക്കിന് പ്രോപ്പർട്ടി ഉടമസ്ഥർക്കും നിക്ഷേപകർക്കുമാണ് യു.എ.ഇ ഗോൾഡൻ വിസ സമ്മാനിച്ചത്. അതോടൊപ്പം കരിയർ സാധ്യതകൾ വിപുലപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കാൻ നിരവധി പദ്ധതികളും ദുബൈ, അബൂദബി എമിറേറ്റുകൾ നടത്തിവരുന്നുണ്ടെന്നും ഹെൻലി ആൻഡ് പാർട്ണേഴ്സ് വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

