Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉത്തമം ദുബൈ, ഉത്തപ്പ...

ഉത്തമം ദുബൈ, ഉത്തപ്പ ഹാപ്പി

text_fields
bookmark_border
ഉത്തമം ദുബൈ, ഉത്തപ്പ ഹാപ്പി
cancel
camera_alt

റോബിൻ ഉത്തപ്പ കുടുംബത്തോടൊപ്പം

ദുബൈ: അൽ ബർഷയിൽ, വെളിച്ചവും വായുസഞ്ചാരവും വേണ്ടുവോളമുള്ള മനോഹര വീട്ടിലിരുന്ന്​ റോബിൻ ഉത്തപ്പ പുതിയ ജീവിതത്തെക്കുറിച്ച്​ സംസാരിക്കുകയാണ്​. തനിക്ക്​ ദുബൈ നൽകുന്ന പ്ര​ചോദനവും പിന്തുണയും പാതിമലയാളി കൂടിയായ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ ടീമംഗം ഏറെ വിലമതിക്കുന്നുണ്ട്​. 2023ന്റെ തുടക്കത്തിലാണ് ഉത്തപ്പയും കുടുംബവും ബംഗളൂരുവിൽ നിന്ന് ദുബൈയിലേക്ക് മാറുന്നത്. കുട്ടികളുടെ സ്കൂളിനോട് അടുത്ത് താമസിക്കുന്നതിനായി അൽ ബർഷയിലേക്ക് മാറുന്നതിനുമുമ്പ്​ രണ്ട് വർഷം അവർ ദുബൈലാൻഡിലെ 'ദി വില്ല'യിലാണ് താമസിച്ചിരുന്നത്. കളിക്കാരനായും സന്ദർശകനായും വർഷങ്ങളോളം യു.എ.ഇയിൽ വന്നിട്ടുള്ളതിനാൽ ദുബൈ തിരഞ്ഞെടുക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ലെന്ന്​ ‘ദ നാഷനൽ ന്യൂസി’ന്​ നൽകിയ സുദീർഘമായ അഭിമുഖത്തിൽ ഉത്തപ്പ പറയുന്നു.

മുൻ പ്രൊഫഷനൽ ടെന്നീസ് താരവും ഇപ്പോൾ ഹൈപ്നോതെറാപ്പിസ്റ്റും ന്യൂറോലിംഗിസ്റ്റിക് പ്രോഗ്രാമിങ്​ പ്രാക്ടീഷനറുമായ ഭാര്യ ശീതൾ ഗൗതം, എട്ട് വയസ്സുകാരൻ മകൻ നീൽ, മൂന്ന് വയസ്സുകാരി മകൾ ട്രിനിറ്റി എന്നിവർക്കൊപ്പമാണ് ഉത്തപ്പ ദുബൈയിൽ താമസിക്കുന്നത്. ‘2020ലും 2021ലും ഐ.പി.എല്ലിനായി ഞാൻ ഇവിടെ വന്നിരുന്നു. സുഹൃത്തുക്കളെ സന്ദർശിക്കാനും പലതവണ എത്തിയിട്ടുണ്ട്. അതുകൊണ്ട് വെറുമൊരു വിനോദസഞ്ചാരിയുടെ കാഴ്ചപ്പാടിലൂടെയല്ലാതെ ദുബൈയെയും യു.എ.ഇയെയും അനുഭവിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്​. കുട്ടികളുടെ ജീവിതനിലവാരത്തിന്റെ കാര്യത്തിൽ ഇവിടുത്തെ സൗകര്യങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തി’ -പാതി മലയാളിയായ ഉത്തപ്പ പറയുന്നു.

ഉത്തപ്പയും കുടുംബവും പുതിയ വീട്ടിലേക്ക് പൂർണമായും മാറിത്തീർന്നിട്ടില്ല. എങ്കിലും, ചില ഭാഗങ്ങൾ ഇതിനകം തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഉത്തപ്പയ്ക്ക് ലഭിച്ച നിരവധി ട്രോഫികൾ സൂക്ഷിച്ചിരിക്കുന്ന ബുക്ക് ഷെൽഫ് ഒരു ഫാമിലി ലൈബ്രറി കൂടിയാണ്. നെപ്പോളിയന്റെ ജീവചരിത്രവും പ്രശസ്തമായ 'അറ്റോമിക് ഹാബിറ്റ്സ്' എന്ന പുസ്തകവും കുട്ടികളുടെ പ്രിയപ്പെട്ട ‘ഡോഗ് മാൻ’ പരമ്പരയുമൊക്കെ അതിൽ ഇടംപിടിച്ചിട്ടുണ്ട്​. വീടിന്റെ പ്രവേശന കവാടത്തിലുള്ള ഗ്ലാസ് സീലിങ്​ മുറിയിലേക്ക് ആവശ്യത്തിന് വെളിച്ചം നൽകുന്നു. രണ്ട് വലിയ ലിവിങ് സ്പേസുകളാണ് ഇവിടെയുള്ളത്. ഒന്ന് ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള മജ്​ലിസ് ഏരിയയും മറ്റൊന്ന് കുടുംബാംഗങ്ങൾക്കൊപ്പമിരിക്കാനുള്ള ഫാമിലി ഡെനും. കുട്ടികൾ ‘പാർക്കർ കളി’ പരിശീലിക്കുന്ന വലിയ യു ഷേപ് സോഫയും 12 പേർക്കിരിക്കാവുന്ന ഡൈനിങ്​ ടേബിളും ഈ വീട് കുടുംബത്തിന്​ ഏറെ പ്രിയപ്പെട്ടതാണെന്ന് അടയാളപ്പെടുത്തുന്നുണ്ട്​.

ക്രിക്കറ്റും കോർപറേറ്റും

വർഷങ്ങളോളം ഭാഗമായിരുന്ന ക്രിക്കറ്റ് ലോകവും ഇന്ന് താൻ കോച്ചിങ്​ നൽകുന്ന കോർപറേറ്റ് ലോകവും തമ്മിലുള്ള രസകരമായ സമാനത റോബിൻ ഉത്തപ്പ പങ്കുവെക്കുന്നുണ്ട്. ‘ക്രിക്കറ്റ് വളരെ സങ്കീർണമായ കായികവിനോദമാണ്. അതൊരു ടീം ഗെയിം ആണെങ്കിലും അതിനുള്ളിൽ ഓരോ വ്യക്തിയുടെയും പ്രകടനം പ്രധാനമാണ്. കോർപറേറ്റ് ജീവിതവും ഇതുപോലെയാണ്. നിങ്ങൾ ഒരു ടീമിന്റെ ഭാഗമായി നിലകൊള്ളുന്നു. ടീമിൽ കൃത്യമായ ചുമതലയുമുണ്ട്. ആ ചുമതല ഭംഗിയായി പൂർത്തിയാക്കാൻ മറ്റുള്ളവരുമായി ചേർന്ന് പ്രവർത്തിക്കണം. നിങ്ങൾ നന്നായി പ്രവർത്തിച്ചില്ലെങ്കിൽ ആ സ്ഥാനം തട്ടിയെടുക്കാൻ മറ്റൊരാൾ കാത്തുനിൽക്കുന്നുണ്ടാകും. എപ്പോഴും ഒരു തരം അരക്ഷിതാവസ്ഥയ്ക്കുള്ളിലാണ് നിങ്ങളുള്ളത്. എപ്പോഴും ആരെങ്കിലും പുറകിലുണ്ടെന്ന ബോധ്യം നിങ്ങൾക്കുണ്ടാകും’ -ഉത്തപ്പ വിശദീകരിക്കുന്നു

'ട്രൂ' എന്ന തന്റെ കോച്ചിങ്​ പ്ലാറ്റ്‌ഫോമിലൂടെ കോർപറേറ്റ് പ്രൊഫഷനലുകളുമായി റോബിൻ ഈ പാഠങ്ങൾ പങ്കുവെക്കുന്നുണ്ട്. പുരുഷന്മാർക്കായുള്ള ഹൈ-പെർഫോമൻസ്, ലീഡർഷിപ്പ്, മാനസികാരോഗ്യ കോച്ചിങ്​ എന്നിവയിലാണ് ‘ട്രൂ’ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മാനസികാരോഗ്യം പ്രധാനം

കരിയറിലെ ഉയർച്ചതാഴ്ചകളെക്കുറിച്ചും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വ്യക്തിപരമായ പോരാട്ടങ്ങളെക്കുറിച്ചും തുറന്നുപറയാൻ ഉത്തപ്പയ്ക്ക് മടിയില്ല. 2009ൽ ദക്ഷിണാഫ്രിക്കയിൽ ഐ.പി.എൽ കളിക്കുന്നതിനിടയിൽ ഗുരുതരമായ വിഷാദരോഗം അലട്ടിയതായി അദ്ദേഹം ഓർക്കുന്നു.

അന്ന് നാട്ടിലേക്ക് വിളിച്ച് കുടുംബത്തിന്റെ സഹായം തേടി. ‘എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു,കുറച്ച് ആഴ്ചത്തേക്ക് ഇങ്ങോട്ട് വരാൻ കഴിയുമോ എന്ന് ഞാൻ അവരോട് ചോദിച്ചു. എന്താണ് പ്രശ്നമെന്ന് കൃത്യമായി മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല, പക്ഷേ എന്തോ അസ്വസ്ഥത അലട്ടുന്നുണ്ടായിരുന്നു’.

ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം അമ്മയുടെ നിർദ്ദേശപ്രകാരം ഒരു തെറാപ്പിസ്റ്റിനെ കണ്ടു. ‘അക്കാലത്ത് ഇന്ത്യയിൽ, പ്രത്യേകിച്ച് പുരുഷന്മാർക്കിടയിൽ, മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഒരു വിലക്കപ്പെട്ട കാര്യമായി കണക്കാക്കിയിരുന്നു. എന്നാൽ കൗൺസിലറുമായി മൂന്ന് മാസം സംസാരിച്ചതിന് ശേഷം എനിക്ക് വലിയ ആത്മവിശ്വാസം തോന്നി. പിന്നെന്തുകൊണ്ട് ഇത് മറ്റുള്ളവരോട് തുറന്നുപറഞ്ഞു കൂടാ? എന്ന് ഞാൻ ചിന്തിച്ചു’.

ഭേദപ്പെട്ടതായി തോന്നിയപ്പോൾ റോബിൻ തെറാപ്പിസ്റ്റിനെ കാണുന്നത് നിർത്തി. എന്നാൽ, വൈകാതെ വീണ്ടും മാനസികാവസ്ഥ മോശമാവുകയും തന്റെ ജീവനായിരുന്ന ക്രിക്കറ്റിനോടുള്ള താല്പര്യം നഷ്ടപ്പെടുകയും ചെയ്തു. ആ കഠിനമായ കാലഘട്ടത്തിൽ, അന്ന് സുഹൃത്തായിരുന്ന ശീതൾ നൽകിയ പിന്തുണയാണ് അദ്ദേഹത്തിന്​ തുണയായത്. ‘എനിക്ക് മുന്നിൽ രണ്ട് വഴികളേ ഉള്ളൂ എന്നാണ് ഞാൻ അവളോട് പറഞ്ഞത്. ഒന്നുകിൽ ജീവിതം അവസാനിപ്പിക്കുക, അല്ലെങ്കിൽ ആർക്കും എന്നെ അറിയാത്ത ലോകത്തിന്റെ ഏതെങ്കിലും കോണിലേക്ക് പോയി ജീവിതം വീണ്ടും തുടങ്ങുക. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ കളിക്കാരനായിരുന്നിട്ടും എനിക്ക് അങ്ങനെയാണ് തോന്നിയത്. പണത്തിനൊന്നും എന്നെ സന്തോഷിപ്പിക്കാൻ കഴിഞ്ഞില്ല’ -റോബിൻ തുറന്നുപറയുന്നു.

ആ സമയത്ത് ശീതൾ നൽകിയ ഉപദേശം തനിക്ക് ആറ് മാസത്തെ സമയം നൽകാനായിരുന്നു. ‘ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനോ മറ്റാരോടെങ്കിലും മത്സരിക്കാനോ വേണ്ടിയല്ല, ക്രിക്കറ്റിനെ സ്നേഹിക്കുന്നത് കൊണ്ട് മാത്രം കളിക്കൂ. അതിനുശേഷവും ഇത് ഉപേക്ഷിക്കണം എന്ന് തോന്നുകയാണെങ്കിൽ ചെയ്യാം’ -അവൾ പറഞ്ഞു.

അതിനുശേഷമാണ് വെറും സന്തോഷത്തിന് വേണ്ടി മാത്രം കളിക്കാൻ തുടങ്ങിയതെന്ന് ഉത്തപ്പ ഓർക്കുന്നു. തുടർന്ന് 2014ൽ ഒരൊറ്റ സീസണിൽ 660 റൺസ് നേടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുകയും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഐ.പി.എൽ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsDubaiRobin UthappaCricketeru.a.e
News Summary - Best of luck Dubai, Uthappa Happy
Next Story