മികച്ച ഡിജിറ്റൽ സിറ്റി പുരസ്കാരം; നേട്ടം ആഘോഷിച്ച് ജി.ഡി.ആർ.എഫ്.എ
text_fieldsജി.ഡി.ആർ.എഫ്.എ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽനിന്ന്
ദുബൈ: ഗാർഹിക തൊഴിലാളികളുടെ നിയമനം മുതൽ റെസിഡൻസി വിസയും എമിറേറ്റ്സ് ഐ.ഡിയും വരെയുള്ള ഒമ്പത് പ്രധാന സർക്കാർ സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കിയ ദുബൈയുടെ ‘ഡൊമസ്റ്റിക് വർക്കേഴ്സ് മാനേജ്മെന്റ്’ പദ്ധതിക്ക് ലഭിച്ച ‘മികച്ച ഡിജിറ്റൽ സിറ്റി അനുഭവം’ പുരസ്കാരത്തിന്റെ നേട്ടം ദുബൈ ജി.ഡി.ആർ.എഫ്.എ ആസ്ഥാനത്ത് ആഘോഷിച്ചു. ഹംദാൻ ബിൻ മുഹമ്മദ് സർക്കാർ സേവന പരിപാടിയിൽ നിന്നാണ് ഈ പുരസ്കാരം ലഭിച്ചത്. ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്.
ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുടെ ദീർഘവീക്ഷണത്തിനനുസൃതമായി ഭാവിയിൽ എല്ലാ സർക്കാർ സേവനങ്ങളും ‘ഏക ജാലക’ സംവിധാനത്തിലൂടെ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അൽ മർറി വ്യക്തമാക്കി.
വിസാ നടപടിക്രമങ്ങൾ 11 ഘട്ടങ്ങളിൽ നിന്ന് ആറായും, സർക്കാർ ഓഫിസ് സന്ദർശനങ്ങൾ പരമാവധി രണ്ടായും ചുരുക്കിയതാണ് ഈ സേവനത്തിന്റെ പ്രധാന സവിശേഷത. തൊഴിൽ കരാർ, ആരോഗ്യ ഇൻഷുറൻസ്, തൊഴിൽ അനുമതി, മെഡിക്കൽ പരിശോധന, എമിറേറ്റ്സ് ഐഡി തുടങ്ങിയവയെല്ലാം ഇതിലൂടെ ഒന്നിപ്പിച്ചു. പദ്ധതിയിലൂടെ ഇതുവരെ 10,813 ഇടപാടുകൾ പൂർത്തിയാക്കി. 25,676 പേപ്പർ രേഖകൾ ഒഴിവാക്കുകയും ചെയ്തു. ഇത് വഴി ഉപഭോക്താക്കൾക്ക് 43.25 ലക്ഷത്തിലധികം ദിർഹത്തിന്റെ സാമ്പത്തിക ലാഭമുണ്ടായതിനൊപ്പം, 72.5 ടൺ കാർബൺ പുറന്തള്ളൽ കുറക്കാനും സാധിച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

