ഭിക്ഷാടനം: ദുബൈയിൽ യുവതി പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം
ദുബൈ: റമദാനിൽ ഭിക്ഷാടനം തടയുന്നതിനായി ദുബൈ പൊലീസ് നടത്തിയ പരിശോധനയിൽ യുവതി പിടിയിലായി. റെസിഡൻഷ്യൽ ഏരിയയിൽ ഭിക്ഷാടനം നടത്തവെ ഏഷ്യൻ വംശജയാണ് പിടിയിലായത്. ഇവരിൽനിന്ന് ഏലസ്സുകൾ, മുഖംമൂടികൾ, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ചെറുപേപ്പർ കഷ്ണങ്ങൾ എന്നിവ പിടിച്ചെടുത്തു. വ്യക്തികൾ പണം നൽകുന്നതിന് ഈ ഏലസ്സുകൾ സഹായിക്കുമെന്നാണ് യുവതി വിശ്വസിച്ചിരുന്നതെന്ന് ദുബൈ പൊലീസിന്റെ ക്രിമിനൽ ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അലി സലിം അൽ ശംസി പറഞ്ഞു. ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ട ഉടൻ പ്രദേശവാസി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഭിക്ഷാടകരോട് അനുഭാവം പ്രകടിപ്പിക്കുകയും അവർക്ക് പണം നൽകുകയും ചെയ്യുന്നതിൽനിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
റമദാനിൽ ജനങ്ങളുടെ അനുകമ്പ മുതലെടുക്കുകയാണ് ഭിക്ഷാടകർ ചെയ്യുന്നത്.
പള്ളികൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, മാർക്കറ്റുകൾ, തെരുവുകൾ എന്നിവിടങ്ങളിലാണ് കൂടുതലായും ഭിക്ഷാടകർ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന ടോൾ ഫ്രീ നമ്പറിലോ പൊലീസ് സ്മാർട്ട് ആപ്പിലെ പൊലീസ് ഐ സേവന പ്ലാറ്റ്ഫോമിലോ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

