ദുബൈയിൽ ഭിക്ഷാടകൻ അറസ്റ്റിൽ: കൈവശം 20,000 ദിർഹം !
text_fieldsദുബൈ പൊലീസ് പിടികൂടിയ യാചകൻ
ദുബൈ: നഗരത്തിലെ കാർ പാർക്കിങ് മേഖലകളിൽ ഭിക്ഷാടനം നടത്തിവന്ന ആളെ ദുബൈ പൊലീസ് പിടികൂടി. ഇയാളുടെ കൈവശമുണ്ടായിരുന്നത് 20,000 ദിർഹം. ഭിക്ഷാടന വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി സസ്പീഷ്യസ് പേഴ്സൻസ് ആൻഡ് ക്രിമിനൽ ഫെനോമിന ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഭിക്ഷാടകൻ പിടിയിലായത്. റമദാനിൽ വിശ്വാസികളുടെ സഹാനുഭൂതിയും അനുകമ്പയും ചൂഷണം ചെയ്താണ് ഇത്തരക്കാർ അനധികൃതമായി പണം സമ്പാദിക്കുന്നത്.
നഗരത്തിന്റെ പ്രതിച്ഛായ തകർക്കുന്ന നടപടികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ദുബൈ പൊലീസ് നേതൃത്വം നൽകുന്ന വകുപ്പ് വിവിധ സ്ഥാപനങ്ങളുമായി കൈകോർത്താണ് ഭിക്ഷാടന വിരുദ്ധ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
കാർ പാർക്കിങ് സ്ഥലങ്ങളിലും ട്രാഫിക് സിഗ്നലുകളിലും ആഡംബര കാറുടമകളെയാണ് ഭിക്ഷാടകൻ ലക്ഷ്യമിട്ടിരുന്നതെന്ന് സസ്പീഷ്യസ് പേഴ്സൻസ് ആൻഡ് ക്രിമിനൽ ഫെനോമിന ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അലി സലീം അൽ ശംസി പറഞ്ഞു. യാത്രക്കാരുടെ അനുകമ്പ നേടുന്നതിനായി കടുത്ത ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും കെട്ടിച്ചമച്ച കഥകളാണ് ഇവർ പ്രചരിപ്പിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പള്ളികളുടെ പരിസരങ്ങൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, മാർക്കറ്റുകൾ, നഗരങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കുന്നതിനായി യാചകർ പലപ്പോഴും കെട്ടിച്ചമച്ച കഥകളും തന്ത്രങ്ങളും ഉപയോഗിക്കാറുണ്ട്. ഇതിൽ വഞ്ചിതരായി പണം നൽകരുതെന്നും അദ്ദേഹം പറഞ്ഞു. ധാനധർമങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം നൽകാൻ ശ്രമിക്കണം.
യു.എ.ഇയിലെ ഭിക്ഷാടന വിരുദ്ധ നിയമപ്രകാരം ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് കടുത്ത പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സാമ്പത്തിക പ്രയാസം നേരിടുന്നവർക്ക് അംഗീകൃത ചാരിറ്റി സംഘടനകളുമായോ നിയമപരമായ ചുമതലപ്പെടുത്തിയ സർക്കാർ സ്ഥാപനങ്ങളുമായോ നേരിട്ട് ബന്ധപ്പെടാവുന്നതാണെന്നും ദുബൈ പൊലീസ് അറിയിച്ചു. നഗരത്തിൽ ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസ് സ്മാർട്ട് ആപ്പിലെ ‘പൊലീസ് ഐ’ സേവനത്തിലൂടെയോ 901 നമ്പറിലൂടെയോ റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

