പ്രവാസത്തിെൻറ ‘ബെല്ലടിച്ചു’; ബീന ടീച്ചർ മടങ്ങുന്നു
text_fieldsഅബൂദബി: അബൂദബിയിലെ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായ ബീന ടീച്ചർ മൂന്ന് പതിറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. കുട്ടികളെ പഠിപ്പിച്ചു കൊതിതീർന്നിട്ടില്ലെങ്കിലും നാട്ടിലുള്ള കുടുംബവുമൊത്ത് കഴിയാനാണ് ടീച്ചർ നാടണയുന്നത്. എങ്കിലും, നാട്ടിൽ അവസരം കിട്ടിയാൽ അധ്യാപക ജോലി ഇനിയും തുടരണമെന്നാണ് ടീച്ചറുടെ ആഗ്രഹം. അബൂദബി മോഡൽ സ്കൂളിലെ മലയാളം അധ്യാപികയും മലയാളം വകുപ്പ് മേധാവിയുമാണ് തലശ്ശേരി സ്വദേശിനിയായ ബീന ടീച്ചർ. മലയാളം ബിരുദാനന്തര ബിരുദവും ബി.എഡും പൂർത്തിയാക്കി 1987 ആഗസ്റ്റ് 30നാണ് അബൂദബിയിൽ എത്തിയത്. അബൂദബിയിലെ ഖൂരി ക്ലിയറിങ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് സത്യപാലൻ അയച്ച വിസയിൽ പരമാവധി രണ്ടുവർഷം ഭർത്താവിനൊപ്പം നിൽക്കാമെന്ന സ്വപ്നവുമായാണ് എത്തിയത്.
അധ്യാപക ജോലിയിൽ മുൻപരിചയവുമില്ലാത്തതിനാൽ മലയാളം പഠിപ്പിക്കാനുള്ള അവസരം കിട്ടാൻ സാധ്യത കുറവാണെന്നുകരുതി കഴിയുന്നതിനിടയിലാണ് 1989 ഏപ്രിലിൽ അബൂദബി മോഡൽ സ്കൂളിൽ മലയാളം അധ്യാപികയായി നിയമനം ലഭിച്ചത്. ഭർത്താവ് സത്യപാലൻ നാലു പതിറ്റാണ്ടുകാലത്തെ പ്രവാസം മതിയാക്കി കഴിഞ്ഞ വർഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. മക്കൾ രണ്ടും യു.എ.ഇയിൽ ആയതിനാൽ സത്യപാലൻ നാട്ടിൽ ഒറ്റക്കാണ്. അതുകൊണ്ടാണ് ടീച്ചറും നാടണയാൻ തീരുമാനിച്ചത്.സത്യപാലെൻറ കാർഷിക പ്രവർത്തനത്തിനൊപ്പം ചേരണമെന്ന ആഗ്രഹവും 58കാരിയായ ടീച്ചർ പങ്കുവെക്കുന്നു. തെൻറയും സഹായം പ്രയോജനപ്പെടുത്തണം. മലയാളം അധ്യാപിക എന്നതിലുപരി നൃത്തപഠനവും പകർന്നു നൽകിയ ടീച്ചറെയാണ് വിദ്യാർഥികൾക്ക് നഷ്ടമാകുന്നത്. കണ്ണൂർ സ്വദേശികളായ പിതാവ് ഭാസ്കരനും മാതാവ് സരോജിനിയും സ്കൂൾ അധ്യാപകരായിരുന്നു.
ബിരുദ, ബിരുദാനന്തര പഠന കാലത്ത് പ്രഫ. എം.എൻ. വിജയൻ, പ്രഫ. ഒ.എൻ.വി കുറുപ്പ്, ഡോ. എം.ലീലാവതി, എൻ. പ്രഭാകരൻ എന്നിവരുടെ ക്ലാസുകളിൽ പഠിക്കാൻ കഴിഞ്ഞതും വലിയ നേട്ടമായി ടീച്ചർ പങ്കുവെക്കുന്നു. ഉപരിപഠനം നടത്തിയ തലശ്ശേരി ബ്രണ്ണൻ കോളജിനടുത്ത പ്രദേശമായ മേലൂർ മമ്മാക്കുന്ന് പാലത്തിനു സമീപത്തെ ‘സുകൃതം’ ഭവനത്തിൽ അടുത്ത വാരാന്ത്യം മുതൽ ബീന ടീച്ചർ ഭർത്താവിനൊപ്പം ഉണ്ടാകും. 10ന് ഉച്ചക്ക് 12.20 കോഴിക്കോട്ടേക്ക് പോകുന്ന വന്ദേഭാരത് മിഷൻ വിമാനത്തിലാണ് ബീന ടീച്ചർ നാട്ടിലേക്ക് മടങ്ങുക. നാട്ടിൽ അവധി കഴിഞ്ഞുവരുമ്പോൾ കൊണ്ടുവന്നിരുന്ന വലിയ ഗ്രന്ഥശേഖരത്തിെൻറ നല്ലൊരു പങ്ക് സ്കൂളിന് സമ്മാനിച്ച ശേഷമാണ് ടീച്ചർ മടങ്ങുന്നത്. മൂത്ത മകൻ സബിൻ ദുബൈയിലും ഇളയ മകൻ സുവിൻ അബൂദബിയിലും ജോലി ചെയ്യുന്നു.
ഭർത്താവ് നാട്ടിലേക്ക് മടങ്ങിയ ശേഷം സുവിനൊപ്പമാണ് ബീന ടീച്ചർ കഴിഞ്ഞിരുന്നത്.