വേസ്റ്റ് ടു എനർജി പ്ലാന്റ്; രണ്ടാം ഘട്ട വിപുലീകരണം പ്രഖ്യാപിച്ചു
text_fieldsവേസ്റ്റ് ടു എനർജി പ്ലാന്റിന്റെ രണ്ടാം ഘട്ട വിപുലീകരണത്തിനുള്ള കരാർ ഒപ്പുവെക്കൽ ചടങ്ങ്
ഷാർജ: മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഷാർജ വേസ്റ്റ് ടു എനർജി പ്ലാന്റിന്റെ രണ്ടാം ഘട്ട വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ച് ബീഹയും മസ്ദറും ചേർന്നുള്ള സംയുക്ത സംരംഭമായ എമിറേറ്റ് വേസ്റ്റ് ടു എനർജി (എ.ഡി.എസ്.ഡബ്ല്യു). അബൂദബി സുസ്ഥിരത വാരത്തിൽ വേൾഡ് ഫ്യൂച്ചർ എനർജി സമ്മിറ്റിൽ ആണ് പ്ലാന്റിന്റെ രണ്ടാം ഘട്ട വിപുലീകരണത്തിനായി ഔദ്യോഗിക കരാറിലെത്തിയത്. ബീഹ വൈസ് ചെയർമാനും ഗ്രൂപ് സി.ഇ.ഒയുമായ ഖാലിദ് അൽ ഹുറൈമൽ, മസ്ദർ സി.ഇ.ഒ മുഹമ്മദ് അൽ റമാഹി എന്നിവർ വിപുലീകരണ കരാറിൽ ഒപ്പുവെച്ചു.
2022ലാണ് പ്ലാന്റിന്റെ ആദ്യഘട്ടം പ്രവർത്തനം ആരംഭിച്ചത്. ഷാർജ വേസ്റ്റ് ടു എനർജി പ്ലാന്റിന്റെ വിജയം ആവർത്തിക്കുന്നതായിരിക്കും രണ്ടാം ഘട്ടമെന്ന് അധികൃതർ അറിയിച്ചു. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന മേഖലയിലെ ആദ്യ വാണിജ്യ പ്ലാന്റാണിത്.
പ്ലാന്റിന്റെ രണ്ടാം ഘട്ട വിപുലീകരണം പൂർത്തിയാകുന്നതോടെ പ്രതിവർഷ വൈദ്യുതി ഉൽപാദനം 30 വെഗാവാട്ടിൽനിന്ന് 60 മെഗാവാട്ടായി ഉയരും. പ്രതിവർഷം ആറു ലക്ഷം ടൺ മാലിന്യങ്ങൾ സംസ്കരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. ഇതുവഴി പ്രതിവർഷം 10 ലക്ഷം ടൺ കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാനാകും.
രണ്ടാം ഘട്ടം പൂർത്തീകരിക്കുന്നതോടെ 60,000 വീടുകൾക്ക് ആവശ്യമായതിന് തുല്യമായ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. എമിറേറ്റിലെ ജനസംഖ്യ വർധനക്കും വികസനത്തിനും അനുസരിച്ചുള്ള ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് സഹായകമാവും. മാലിന്യങ്ങൾ കുഴിച്ചുമൂടുന്നത് ഒഴിവാക്കാനുള്ള യാത്രയിലെ പുതിയൊരു നാഴികകല്ലാണ് വേസ്റ്റ് ടു എനർജി പ്ലാന്റിന്റെ രണ്ടാം ഘട്ടമെന്ന് ഖാലിദ് അൽ ഹുറൈമൽ പറഞ്ഞു.
മാലിന്യമുക്ത നഗരം സാധ്യമാണെന്നും ശുദ്ധ ഊർജ പരിവർത്തനത്തിൽ മാലിന്യത്തിൽനിന്ന് ഊർജത്തിലേക്ക് നയിക്കുന്ന നവീന ആശയങ്ങൾക്ക് സുപ്രധാന പങ്കുണ്ടെന്ന് കാണിച്ചു തരുകയാണ് ഷാർജയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാം ഘട്ടം വിപുലീകരണം ഷാർജയിലെ മാലിന്യങ്ങൾ സംസ്കരണത്തെ ത്വരിതപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

