ഫുട്ബാൾ വിജയാഘോഷത്തിനിടെ മർദനം; 25,000 ദിര്‍ഹം നഷ്ടപരിഹാരം
text_fieldsഅബൂദബി: ഫുട്ബാൾ മത്സര വിജയാഘോഷ പാര്‍ട്ടിക്കിടെ മർദനമേറ്റ യുവാവിന് 25,000 ദിര്‍ഹം നഷ്ടപരിഹാരം. അബൂദബി സിവില്‍ കോടതിയുടേതാണ് ഉത്തരവ്. മർദനത്തെതുടര്‍ന്ന് അറബ് പൗരനായ യുവാവിനേറ്റ ധാര്‍മിക, ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായാണ് കോടതി തുക അനുവദിച്ചത്. യുവാവിനെ ആക്രമിച്ചതും അറബ് പൗരനാണ്. ഇയാളാണ് പരാതിക്കാരന് തുക നല്‍കേണ്ടത്. അബൂദബിയില്‍ നടന്ന ഫുട്ബാൾ മത്സരത്തിനുശേഷം സംഘടിപ്പിച്ച വിജയാഘോഷ പാര്‍ട്ടിക്കിടെയാണ് പരാതിക്കാധാരമായ സംഭവം.
കളിക്കാരും ആരാധകരും പങ്കെടുത്ത ആഘോഷപരിപാടിയിലെ യുവാവിന്റെ ആഘോഷത്തില്‍ കുപിതനായാണ് അറബ് പൗരന് ഇദ്ദേഹത്തെ ആക്രമിച്ചത്. മുഖത്തും ശരീരത്തിലും പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച അബൂദബി ക്രിമിനല്‍ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെ പരിക്കേറ്റയാള്‍ അബൂദബി സിവില്‍ കോടതിയെ സമീപിക്കുകയും 1,50,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ഇരുഭാഗവും കേട്ട കോടതി, പ്രതി 25,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് വിധിക്കുകയായിരുന്നു.അതേസമയം, പ്രാദേശിക കായിക വിനോദങ്ങളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അബൂദബിയില്‍ അധികൃതര്‍ പുതിയ സംവിധാനം നടപ്പാക്കിയിരുന്നു. കായികമേഖലയുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വാദം കേള്‍ക്കുന്നതിനും പ്രത്യേക സൗകര്യമൊരുക്കുകയെന്നതാണ് കാതലായ തീരുമാനം. മുമ്പ് അഡ്നോക് പ്രോ ലീഗിനിടെ സ്റ്റേഡിയത്തിലും ഗ്രൗണ്ടിലുമുണ്ടായ അടിപിടിയും ബഹളവുമായി ബന്ധപ്പെട്ട് മൂന്ന് താരങ്ങള്‍ക്ക് സസ്പെന്‍ഷനും വന്‍ തുക പിഴയും അധികൃതര്‍ ശിക്ഷിച്ചിരുന്നു. മത്സരത്തില്‍ പങ്കെടുത്ത അല്‍ വഹ്ദ, അല്‍ ഐന്‍ ടീമുകളുടെ നാല് മത്സരങ്ങള്‍ അടച്ചിട്ട വേദിയില്‍ നടത്താനും യു.എ.ഇ ഫുട്ബാള്‍ അസോസിയേഷന് നിര്‍ദേശം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

