ദുബൈയിൽ ബീച്ച് ലൈബ്രറി തുറന്നു
text_fieldsജുമൈറ ബീച്ച് 2 മേഖലയിൽ മുനിസിപ്പാലിറ്റി ആരംഭിച്ച ലൈബ്രറിക്ക് സമീപം പുസ്തകം
വായിക്കുന്ന കുട്ടി
ദുബൈ: എമിറേറ്റിലെ ബീച്ച് സന്ദർശിക്കുന്ന വായനപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. കടൽ ആസ്വദിക്കുന്നതിനൊപ്പം ഇനി മികച്ച പുസ്തകങ്ങളും സൗജന്യമായി വായിക്കാൻ അവസരമൊരുങ്ങുന്നു. ദുബൈയിലെ ജുമൈറ ബീച്ച് 2 പ്രദേശത്താണ് മികച്ച പുസ്തകങ്ങളുടെ ശേഖരവുമായി ദുബൈ മുനിസിപ്പാലിറ്റി ബീച്ച് ലൈബ്രറി തുറന്നു. സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ ചൊവ്വാഴ്ചയാണ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. തിരമാലകൾ ആസ്വദിക്കുന്നതിനൊപ്പം ഇനി പുസ്തക വായനയും നടത്താമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത.
‘നിങ്ങൾ ജുമൈറ ബീച്ചിലാണോ? എങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകം ബീച്ച് ലൈബ്രറിയിൽ മുനിസിപ്പാലിറ്റി ഒരുക്കിയിരിക്കുന്നു. ആവേശകരമായ ബീച്ച് പ്രവർത്തനങ്ങൾക്കൊപ്പം കടൽത്തീരത്ത് സജ്ജമാക്കിയ ലൈബ്രറിയും ആസ്വദിക്കാം. ഇഷ്ട പുസ്തകം കണ്ടെത്തി വായിച്ച് അഭിപ്രായങ്ങൾ അറിയിക്കൂ’ - സാമൂഹിക മാധ്യമങ്ങളിൽ മുനിസിപ്പാലിറ്റി വ്യക്തമാക്കി. രാത്രികാല ബീച്ച് സൗകര്യമുള്ള ഇടമാണ് ജുമൈറ 2 ബീച്ച്.
നേരത്തെ കൈറ്റ് ബീച്ചിൽ ലൈബ്രറി പദ്ധതിക്ക് തുടക്കമിട്ടിരുന്നു. അടുത്ത ഘട്ടം ദുബൈയിൽ എട്ട് ബീച്ച് ലൈബ്രറികൾ കൂടി സ്ഥാപിക്കാനാണ് അധികൃതരുടെ പദ്ധതി. സാഹിത്യ രചനകൾ മുതൽ കുട്ടികളുടെ കഥകൾ വരെ അറബി, ഇംഗ്ലീഷ് ഭാഷകളിലുള്ള പുസ്തകങ്ങളുടെ വലിയ ശേഖരമാണ് ലൈബ്രറിയിൽ ഒരുക്കിയിട്ടുള്ളത്. മാർച്ച് യു.എ.ഇയുടെ ഔദ്യോഗിക വായന മാസമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും വായനയുടെയും അറിവിന്‍റെയും സുസ്ഥിരമായ സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2016ൽ ആണ് യു.എ.ഇ മന്ത്രിസഭ വായന സംരംഭ വർഷം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

