കുട്ടികളുടെ വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പങ്കുവെക്കുന്നതില്‍ ജാഗ്രത വേണം
text_fieldsഷാര്‍ജ: നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളുടെ വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ച് നടത്തുന്ന സൈബര്‍ ഭീഷണി, ബ്ലാക്ക്മെയിലിങ്, മാനസിക പീഡനം എന്നിവ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ ചൈല്‍ഡ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് നിയന്ത്രിക്കാനും പ്രൈവസി സെറ്റിങ്‌സുകള്‍ പരിശോധിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു.
ചിത്രങ്ങള്‍ വ്യാജമായി നിര്‍മിച്ചവയാണെങ്കില്‍ പോലും ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും സുരക്ഷാബോധത്തെയും ഗുരുതരമായി ബാധിക്കും. കുട്ടികളുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും യു.എ.ഇ നിയമപ്രകാരം കടുത്ത കുറ്റകൃത്യമാണ്.
മനഃപൂര്‍വം നിര്‍മിക്കുന്ന ഇത്തരം ചിത്രങ്ങള്‍ കാരണം കുട്ടികള്‍ക്ക് കടുത്ത അപമാനം, ഭയം, വിഷാദം, ഒറ്റപ്പെടല്‍ എന്നിവ ഉണ്ടാകാനിടയാകുന്നു. പലപ്പോഴും സ്‌കൂളില്‍ പോകാന്‍ പോലും കുട്ടികള്‍ ഭയപ്പെടുന്നു. ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണമോ മറ്റ് ആവശ്യങ്ങളോ ഉന്നയിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുന്ന സംഭവങ്ങളുമുണ്ട്. കുട്ടി സ്വന്തമായി ചിത്രങ്ങളൊന്നും പങ്കുവെച്ചിട്ടില്ലെങ്കില്‍ പോലും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായേക്കാം.കുട്ടികളുടെ സ്‌കൂള്‍, നിലവിലുള്ള ലൊക്കേഷന്‍, ദിനചര്യകള്‍ എന്നിവ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്നത് ഒഴിവാക്കണം. കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപഴകലുകള്‍, കാണുന്ന ഉള്ളടക്കങ്ങള്‍, സന്ദേശങ്ങള്‍ അയക്കുന്നവര്‍ എന്നിവയെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് കൃത്യമായ ധാരണയുണ്ടാകണം.
സ്വഭാവത്തിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍, കൂട്ടുകാരില്‍ നിന്നും കുടുംബത്തില്‍ നിന്നും ഉള്‍വലിയുക, ഫോണില്‍ സന്ദേശങ്ങള്‍ വരുമ്പോള്‍ ഭയപ്പെടുക എന്നിവ സൈബര്‍ അതിക്രമത്തിന് ഇരയാകുന്നതിന്റെ ലക്ഷണങ്ങളാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികളെ ശാന്തമായി സമീപിക്കുകയും ഭയമില്ലാതെ കാര്യങ്ങള്‍ തുറന്നുപറയാനുള്ള അന്തരീക്ഷമൊരുക്കുകയുമാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. സാങ്കേതികവിദ്യ വേഗത്തില്‍ വളരുന്ന കാലഘട്ടത്തില്‍ കുട്ടികളെ സൈബര്‍ അപകടങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുണ്ടെന്ന് ചൈല്‍ഡ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ഹനാദി അല്‍ യാഫി പറഞ്ഞു. മറ്റുള്ളവരെ അപമാനിക്കാനോ ഭീഷണിപ്പെടുത്താനോ വ്യാജ ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് വെറുമൊരു തമാശയായി കാണാനാകില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ കുട്ടിയെ കുറ്റപ്പെടുത്താതെ, അവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കി അതിക്രമം തടയുകയാണ് ആദ്യം വേണ്ടത്.
കുട്ടികള്‍ ഭീഷണി നേരിടുന്നുണ്ടെന്ന് സംശയം തോന്നിയാല്‍ ഭയപ്പെടരുതെന്ന് ഉറപ്പുനല്‍കണം. യൂസര്‍ നെയിം, ലിങ്കുകള്‍, ഭീഷണി സന്ദേശങ്ങള്‍ എന്നിവ തെളിവുകളായി സൂക്ഷിക്കണം. എന്നാല്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളോ ചിത്രങ്ങളോ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാനോ മറ്റുള്ളവര്‍ക്ക് അയക്കാനോ പാടില്ല. തെളിവുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഔദ്യോഗിക നിര്‍ദേശം തേടണം. വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പോലീസിലും പരാതി നല്‍കണം. സഹപാഠികളാണ് ഇതിനു പിന്നിലെങ്കില്‍ സ്‌കൂള്‍ അധികൃതരുമായി സഹകരിച്ച് കുട്ടിക്ക് പിന്തുണ നല്‍കണം. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം. യു.എ.ഇയിലുടനീളം കുറ്റകൃത്യങ്ങളും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും റിപോര്‍ട്ട് ചെയ്യാന്‍ '800 700' എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.
എ.ഐ ഉപയോഗിച്ച് ചിത്രങ്ങള്‍ മാറ്റം വരുത്തി ഭീഷണിപ്പെടുത്തുന്നതും മാനഹാനി വരുത്തുന്നതും യു.എ.ഇ നിയമപ്രകാരം ഗുരുതര കുറ്റകൃത്യമാണ്. മറ്റൊരാളെ അപമാനിക്കാനോ ഉപദ്രവിക്കാനോ ചിത്രങ്ങളില്‍ തിരുത്തല്‍ വരുത്തുന്നവര്‍ക്ക് കുറഞ്ഞത് ഒരുവര്‍ഷം തടവും 2,50,000 മുതല്‍ 5,00,000 ദിര്‍ഹം വരെ പിഴയും ലഭിക്കും. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയോ ബ്ലാക്ക്മെയില്‍ ചെയ്യുകയോ ചെയ്താല്‍ രണ്ട് വര്‍ഷം തടവും 2,50,000 മുതല്‍ 5,00,000 ദിര്‍ഹം വരെ പിഴയും ചുമത്തും. ഗുരുതര കേസുകളില്‍ തടവുശിക്ഷ 10 വര്‍ഷം വരെ നീളാം. കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള അശ്ലീല സാഹിത്യങ്ങളോ ദൃശ്യങ്ങളോ നിര്‍മിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും കഠിന ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

