ദുബൈ: മൂന്ന് പതിറ്റാണ്ട് മരുഭൂമിയിൽ പണിയെടുത്തിട്ടും സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനാവാതെ എറണാകുളം കലൂർ മാളിയേക്കൽ ബഷീർ മടങ്ങുന്നു.
പ്രവാസ ലോകത്ത് നിന്ന് ലഭിച്ച സൗഹൃദവും നാല് പെൺമക്കളെ വിവാഹം കഴിച്ചയച്ച ആത്മസംതൃപ്തിയും മാത്രമാണ് മടക്കയാത്രയിലെ സാമ്പാദ്യം. 16 വർഷമായി വാടകക്കെട്ടിടത്തിൽ കഴിയുന്ന ഈ 63കാരനെ നാട്ടിൽ കാത്തിരിക്കുന്നതും വാടക വീടാണ്.
1995ലാണ് ദുബൈയിൽ എത്തുന്നത്. ആദ്യ ഒരുവർഷം പലയിടത്തും ജോലി ലഭിച്ചെങ്കിലും കാര്യമായ ജോലി ലഭിച്ചില്ല. ഒരുവർഷം കഴിഞ്ഞ് ദേരയിലെ ഹനീഫ സൂപ്പർമാർക്കറ്റിൽ ജോലിക്ക് കയറി. 900 ദിർഹമായിരുന്നു ആദ്യശമ്പളം. 30 വർഷമായി ഈ സൂപ്പർമാർക്കറ്റായിരുന്നു ബഷീറിന്റെ ജീവിതം. ഇടക്കിടെ ഇവിടെ സാധനം വാങ്ങാൻ എത്തിയിരുന്ന കൊല്ലം സ്വദേശി ബാബുജിയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് ബഷീർ പറയുന്നു. മക്കളുടെ വിവാഹത്തിനുൾപ്പെടെ ബാബുജി കണ്ടറിഞ്ഞ് സഹായിച്ചു.
പ്രവാസത്തോട് വിടപറയുമ്പോൾ ബഷീറിന്റെ ഏറ്റവും വലിയ സങ്കടവും ബാബുജിയെ പിരിയുന്നതിലാണ്. സൂപ്പർമാർക്കറ്റ് പുതിയ ആളുകൾ ഏറ്റെടുത്തതോടെയാണ് ബഷീർ പ്രവാസത്തോട് വിടപറയുന്നത്. നാട്ടിലെത്തിയാലും വിശ്രമിക്കാൻ കഴിയില്ലെന്ന് ഇദ്ദേഹം പറയുന്നു.
വീടിന് വാടക കൊടുക്കാനുള്ള തുകയെങ്കിലും ജോലി ചെയ്ത് സമ്പാദിക്കണം. പെൺമക്കളെ വിവാഹം കഴിച്ചയച്ചതിനാൽ ഭാര്യ മാത്രമാണ് വീട്ടിലുള്ളത്. പ്രവാസലോകത്ത് നിന്ന് കാര്യമായൊന്നും സമ്പാദിക്കാൻ കഴിഞ്ഞില്ലെങ്കിലും ബഷീറിന് പരാതിയോ പരിഭവങ്ങളോ ഇല്ല. ഇവിടെയെത്തിയതിനാലാണ് മക്കളുടെ വിവാഹം കഴിഞ്ഞതെന്നും ഈ നാടിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും ബഷീർ പറയുന്നു.