നിര്‍മാണം, പരിസ്ഥിതി സൗഹൃദം
text_fieldsഊര്‍ജ-ജല ഉപഭോഗം അളവ് നിയന്ത്രിച്ച് ആരോഗ്യകരമായ പരിസ്ഥിതി അന്തരീക്ഷം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ബര്‍ജീല്‍ ഗ്രീന്‍ ബില്‍ഡിങ് പ്രോജക്ടില്‍ റാസല്‍ഖൈമയില്‍ അനുവദിച്ചത് 4,400 കെട്ടിട നിര്‍മാണ അനുമതികള്‍. സുസ്ഥിര ഊര്‍ജ സംരക്ഷണമെന്ന ലക്ഷ്യത്തോടെ 2019 ജനുവരി 29നാണ് റാക് മുനിസിപ്പാലിറ്റി പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബര്‍ജീല്‍ മാനദണ്ഡങ്ങള്‍ കൂടി ബാധകമാക്കിയത്. ബര്‍ജീല്‍ പദ്ധതിയിലൂടെ 11 ജിഗാ വാട്ട് മണിക്കൂര്‍ വൈദ്യുതിയും 120,000 ക്യുബിക് മീറ്റര്‍ ജല ഉപഭോഗവുമാണ് 2021ല്‍ റാസല്‍ഖൈമയില്‍ കുറവ് രേഖപ്പെടുത്തിയതെന്ന് റാക് മുനിസിപ്പാലിറ്റി വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുൻദിര്‍ മുഹമ്മദ് ബിന്‍ ശെക്കര്‍ അല്‍സാബി പറഞ്ഞു. ബര്‍ജീല്‍ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി 2022ല്‍ 4,400 നിര്‍മാണാനുമതിയാണ് നല്‍കിയത്. അനുമതിക്കായി നിരവധി അപേക്ഷകളും ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് പെര്‍മിറ്റ് അനുവദിക്കുമെന്നും മുൻദിര്‍ മുഹമ്മദ് വ്യക്തമാക്കി.
ജലക്ഷമത, ഊര്‍ജ കാര്യക്ഷമത, പുനരുപയോഗ ഊര്‍ജം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളോടൊപ്പം ശുചിത്വപൂര്‍ണമായ ആവശ്യങ്ങളാണ് ബര്‍ജീല്‍ പദ്ധതിയിലൂടെ നിര്‍വചിക്കപ്പെടുന്നത്.
സ്വകാര്യ ഭവനങ്ങള്‍, പൊതു - വ്യവസായ - ബഹുനില കെട്ടിടങ്ങള്‍ തുടങ്ങി പുതുതായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭഘട്ടത്തില്‍ തന്നെ ബര്‍ജീല്‍ അനുമതി പത്രം ലഭിക്കേണ്ടതുണ്ട്. ഇത് ഊര്‍ജ കാര്യക്ഷമത, ഊര്‍ജ പുനരുപയോഗം എന്നിവ മുന്‍നിര്‍ത്തിയുള്ള റാസല്‍ഖൈമയുടെ വിഷന്‍ 2040നെ പിന്തുണക്കുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഫലപ്രദമായ ശീതീകരണ സംവിധാനം, ലൈറ്റിങ് തുടങ്ങി വിവിധ സംസ്ഥാപന പ്രക്രിയ ഘട്ടങ്ങളില്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയിട്ടുള്ളതുമാണ് ബര്‍ജീല്‍ ഗ്രീന്‍ ബില്‍ഡിങ് പ്രോജക്ട്.